malappuram

വേങ്ങരയില്‍ ചിത്രം തെളിഞ്ഞു; ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍

Friday September 22nd, 2017

വേങ്ങര: ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞ വേങ്ങരയില്‍ ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയ വേങ്ങരയില്‍ ഒക്ടോബര്‍ 11നാണ് തിരഞ്ഞെടുപ്പ്.
മുസ്ലിംലീഗിന് ഗണ്യമായ സ്വാധീനമുള്ള വേങ്ങരയില്‍ ഒന്നൊഴികെ അഞ്ച് പഞ്ചായത്തുകളിലും ഭരണം നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണ്. കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തെ പടിക്കുപുറത്തു നിര്‍ത്തിയാണ് വേങ്ങരയിലും കണ്ണമംഗലത്തും ലീഗ് ഭരണം നിയന്ത്രിക്കുന്നത്. പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ കക്ഷികളുടെ നേതൃത്വത്തിലുള്ള ജനകീയമുന്നണിയാണ് ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ശക്തമാക്കാന്‍ തീരുമാനിച്ചെങ്കിലും പലയിടത്തും പൊട്ടലും ചീറ്റലും തുടരുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അപാകതയും ആശയക്കുഴപ്പവും ലീഗണികളെ നിരാശയിലാക്കിയിട്ടുണ്ടെങ്കിലും അഡ്വ. കെ എന്‍ എ ഖാദറിനു വേണ്ടി ലീഗണികള്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടുണ്ട്. എം.എല്‍.എമാരുടെ പ്രാദേശിക വികസനഫണ്ടിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന കെ എന്‍ എ ഖാദറിനു വേണ്ടി മുന്നണിയിലെ പ്രമുഖ എം.എല്‍.എമാരെത്തന്നെ പ്രചരണത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിംലീഗ്.

മുസ്ലിംലീഗിലെ ആശയക്കുഴപ്പത്തില്‍ നിന്ന് മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഇടത് മുന്നണി സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീര്‍ പ്രചരണം നടത്തുന്നത്. കഴിഞ്ഞ തവണ പി കെ കുഞ്ഞാലിക്കുട്ടിയോട് മുപ്പത്തിയെണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് അടിയറവ് പറഞ്ഞെങ്കിലും ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് പി പി ബഷീര്‍ അങ്കത്തിനെത്തിയിരിക്കുന്നത്. മുസ്ലിംലീഗിന്റെ ന്യൂനതകള്‍ മുതലെടുത്ത് വോട്ട് പിടിക്കാമെന്ന കണക്കുകൂട്ടലില്‍ ഇടത് കേന്ദ്രങ്ങള്‍ സജീവമായിട്ടുണ്ട്. അതെ സമയം, കഴിഞ്ഞ തവണ പി കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇടതുമുന്നണിയിലെ ചിലര്‍ വോട്ട് മറിച്ചുവെന്ന ആരോപണവും മണ്ഡലത്തില്‍ പരക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരെത്തന്നെ ഗോദയിലിറക്കി തോരോട്ടം നടത്താനാണ് ഇടത് മുന്നണി തീരുമാനം.

ഇരുമുന്നണികളും തുടരുന്ന സംഘപരിവാര വിധേയത്വത്തിനെതിരെ ജനകീയമായ ചെറുത്തുനില്‍പ്പുമായാണ് എസ്.ഡി.പി.ഐ ഗോദയിലിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിയംഗവും തിരൂര്‍ ബാറിലെ അഭിഭാഷകനുമായ അഡ്വ. കെ സി നസീറിനെയാണ് എസ്.ഡി.പി.ഐ രംഗത്തിറക്കിയിരിക്കുന്നത്. ഡോ. ഹാദിയയുടേതടക്കം നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെട്ടും പരിഹരിച്ചും പരിചയമുള്ള കെ സി നസീര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. പാര്‍ട്ടിയുടെ സംഘപരിവാര വിരുദ്ധ നിലപാട് മൂലം എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ അടക്കമുള്ളവര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ വേങ്ങരയില്‍ പടച്ചട്ടയണിഞ്ഞിരിക്കുന്നത്. ഇരുമുന്നണികളുടെയും സംഘപരിവാര വിധേയത്വം ജനങ്ങളിലെത്തിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയുമാണ് പാര്‍ട്ടി ലക്ഷ്യമെന്ന് എസ്.ഡി.പി.ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കേന്ദ്രഭരണ നേട്ടങ്ങള്‍ വിവരിച്ച് ബി.ജെ.പിയും മല്‍സരിക്കുന്നുണ്ട്. ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ജില്ലാ പ്രസിഡന്റ് ജനചന്ദ്രന്‍ മാസ്റ്ററെയാണ് ബി.ജെ.പി ഗോദയിലിറക്കിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം