malappuram

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ നിലപാടില്‍ ആശയും നിരാശയുമായി മുന്നണികള്‍

Monday April 10th, 2017

മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മനസ്സാക്ഷി വോട്ട് പ്രഖ്യാപിച്ചതോടെ ഇരുപക്ഷത്തും ആശയും നിരാശയും. വോട്ട് തങ്ങള്‍ക്കു കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറെ നിരാശ. മുസ്‌ലിം സംഘടനകളുടെ ഏകീകരണം എന്ന അജണ്ടയുടെ ചൂണ്ടയില്‍ പാര്‍ട്ടി കൊത്തുമെന്നു കരുതി യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ പിന്തുണ തനിക്കായിരിക്കുമെന്ന് ഒരു ഇംഗ്ലീഷ് പത്രത്തോട് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ മനസ്സാക്ഷി വോട്ടെന്ന പ്രഖ്യാപനം ലീഗിനെയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചിരിക്കുകയാണ്. ലീഗിലെ എസ്ഡിപിഐയെ സ്ഥിരമായി ആക്ഷേപിക്കുന്ന നേതാക്കളെ വരെ പ്രചാരണ രംഗത്തുനിന്ന് മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളാവട്ടെ പാര്‍ട്ടി വോട്ട് സംബന്ധമായ ചോദ്യങ്ങളില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ എസ്ഡിപിഐ വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിഷേധ രൂപത്തില്‍ മറുപടി പറയാന്‍ കുഞ്ഞാലിക്കുട്ടി മുതിര്‍ന്നിരുന്നില്ല. യുഡിഎഫ് നേതാക്കളാരും എസ്ഡിപിഐയെ യോഗങ്ങളിലോ വാര്‍ത്താസമ്മേളനങ്ങളിലോ ആക്ഷേപിച്ചിരുന്നുമില്ല. എല്ലാവരും പാര്‍ട്ടി വോട്ടുകള്‍ കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. ലീഗ് ക്യാംപുകള്‍ ഇക്കാര്യം മുന്നില്‍ക്കണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുമായി വല്ലാത്ത സൗഹാര്‍ദത്തിലുമായിരുന്നു. വോട്ട് തങ്ങള്‍ക്കെന്ന് പ്രചരിപ്പിക്കുന്നതില്‍ ലീഗ് ആദ്യം മുതല്‍ തന്നെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം അവര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

അതെ സമയം, യുഡിഎഫ് പ്രചാരണം വിശ്വസിച്ച് എസ്ഡിപിഐ വോട്ട് തങ്ങള്‍ക്ക് ലഭിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇടതുപക്ഷവും നേതാക്കളും. സ്ഥാനാര്‍ഥി ഫൈസല്‍ മുഖാമുഖം പരിപാടിയില്‍ എല്ലാവരുടേയും വോട്ട് വേണമെന്നു പറഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്നാണ് വിശദീകരിച്ചത്. വോട്ട് വേണ്ടെന്നുപറയാന്‍ അദ്ദേഹം തയ്യാറായതുമില്ല. എസ്ഡിപിഐ ലീഗില്‍ പിടിമുറുക്കുകയാണെന്നാണ് പാര്‍ട്ടി പത്രത്തിലൂടെ മന്ത്രി കെ ടി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ അബദ്ധമായെന്നാണ് എസ്ഡിപിഐയുടെ മനസ്സാക്ഷി വോട്ട് പ്രഖ്യാപനം വന്നതോടെ എല്‍ഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. നിലപാട് പ്രഖ്യാപിച്ച എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇടതുപക്ഷം എസ്ഡിപിഐയേക്കുറിച്ചുള്ള മുന്‍ ധാരണകള്‍ തിരുത്തണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടായിരുന്ന നാല് മണ്ഡലങ്ങളില്‍ പാര്‍ട്ടി പരസ്യമായി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഇവര്‍ വേണ്ടെന്നു പറഞ്ഞിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇടതുപക്ഷം വസ്തുതാപരമായ നിലപാട് സ്വീകരിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെടുകയുണ്ടായി. ഫാഷിസത്തെ സത്യസന്ധമായി എതിര്‍ക്കുന്നതില്‍ ഇരുപക്ഷവും വെള്ളം ചേര്‍ത്തതിനാലാണ് മനസ്സാക്ഷി വോട്ടെന്ന അഭിപ്രായത്തിലേയ്ക്ക് പാര്‍ട്ടി എത്തിയതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ലീഗുമായോ സിപിഎമ്മുമായോ പാര്‍ട്ടിക്ക് പ്രത്യേക മമതയോ വിരോധമോ ഇല്ലെന്നും നേതാക്കള്‍ വിശദീകരിക്കുകയുണ്ടായി. ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാന്‍ മുസ്‌ലിംലീഗ് മാത്രം മതിയെന്ന കാലങ്ങളായുള്ള ധാരണയും വാദവും ശരിയല്ലെന്നാണ് എസ്.ഡി.പി.ഐ നിലപാട്. ലീഗ് മതിയായിരുന്നെങ്കില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസുമായി ബാംഗ്ലൂര്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ പാര്‍ട്ടി സഹകരിക്കുന്ന കാര്യവും മജീദ് ഫൈസി വിശദീകരിക്കുകയുണ്ടായി.

എസ്ഡിപിഐ വോട്ട് മൊത്തമായി കിട്ടുമെന്ന യുഡിഎഫ് ധാരണയും കിട്ടില്ലെന്ന ഇടതുപക്ഷ ധാരണയുമാണ് പാര്‍ട്ടിയുടെ നിഷ്പക്ഷ നിലപാടിലൂടെ തകര്‍ന്നത്. എസ്ഡിപിഐ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട് തീരുമാനിച്ചതോടെ ഇരുമുന്നണികളുമായും ശരിദൂര സിദ്ധാന്തമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മല്‍സരിക്കാതിരുന്നിട്ടും എസ്ഡിപിഐ വോട്ടാണ് ഇപ്പോള്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇത് പാര്‍ട്ടിയുടെ സ്വീകാര്യതയാണ് കാണിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മനസ്സാക്ഷി വോട്ടിന് പാര്‍ട്ടി ആഹ്വാനം ചെയ്ത ശേഷവും കോടിയേരിയും വി എസും പി എ മുഹമ്മദ് റിയാസുമെല്ലാം എസ്ഡിപിഐ ലീഗിന് പിന്തുണ നല്‍കുന്നുവെന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ മടുപ്പുളവാക്കിയിട്ടുണ്ട്. പറഞ്ഞത് തിരുത്താനുള്ള വൈമനസ്യമാണ് ഈ തന്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഈ പ്രചാരണത്തിലൂടെ ലഭ്യമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇക്കാര്യം പിഴച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം