malappuram

അഴിമതിയും വിഭാഗീയതയും: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗത്തെ പുറത്താക്കി

Monday July 20th, 2015
2

CPMമലപ്പുറം: കണ്ണൂര്‍ കഴിഞ്ഞാല്‍ മലബാറില്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി കേഡര്‍മാരുള്ള മലപ്പുറം ജില്ലയില്‍ വിമത പ്രവര്‍ത്തനവും അഴിമതിയും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗത്തെ തരം താഴ്ത്തി. സി.പി.എം നിലമ്പൂര്‍ ഏരിയ മുന്‍ സെക്രട്ടറിയും നിലവില്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി ടി ഉമ്മറിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.
ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉമ്മറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ഇക്കഴിഞ്ഞ 16ന് ജില്ലാ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടി വിവരം പുറത്തായതോടെ 19ലേക്കു മാറ്റുകയായിരുന്നുവത്രെ. നിലമ്പൂരിലെ പാര്‍ട്ടി വിമത പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഉമറിനെതിരെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ എന്‍ മോഹന്‍ ദാസ്, ജില്ലാ കമ്മിറ്റി അംഗം വി പി  അനില്‍ എന്നിവരായിരുന്നു നിലമ്പൂരിലെ വിമത പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിക്കപ്പെട്ട കമ്മീഷനംഗങ്ങള്‍. വിഭാഗീയ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുന്‍ ഏരിയ കമ്മിറ്റി അംഗം വി എം സുധാകരന്‍, മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങളായ പി പ്രകാശ് എന്നിവരെ ശാസിക്കാനും പി എം ബഷീറിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റായ പി ടി ഉമര്‍ മൂന്ന് തവണ പാര്‍ട്ടിയുടെ നിലമ്പൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്. 2013ല്‍ നിലമ്പൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിനായി പിരിച്ചെടുത്ത സംഖ്യയില്‍ ചിലവ് കഴിച്ച് ബാക്കി വന്ന രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായും ഓഫീസിലെ വൈദ്യുതി ബില്‍ തുകയില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി സാമ്പത്തിക ലാഭമുണ്ടാക്കിയതായും കമ്മീഷനംഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടത്രെ. പാര്‍ട്ടി രഹസ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ചോര്‍ത്തി നല്‍കുന്ന ആളായും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച വ്യക്തിയെ സ്വന്തം പഞ്ചായത്തില്‍ ഉള്‍പ്പടെ മുന്നണി ബന്ധങ്ങള്‍ മറികടന്ന് സഹായിച്ചതുമടക്കം നിരവധി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്. മുമ്പ് നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സംസ്ഥാന സമിതി അംഗം എം സ്വരാജിനെ പോത്തുകല്‍ ലോക്കല്‍ കമ്മിറ്റിയില്‍ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും എം എ ബേബിയെ നിലമ്പൂരില്‍ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഉമ്മറിന്റെ ആസൂത്രണ കുറവും മുമ്പെ ചര്‍ച്ചയായിരുന്നു. സി.പി.എമ്മിനൊപ്പം ചോറുണ്ട് ആര്യാടനോട് കൂറു പുലര്‍ത്തുന്നയാളാണെന്ന ആരോപണമാണ് ഉമ്മറിനെതിരെ നിലമ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ മിക്കതും ഉമറിനെതിരെ തെളിയിക്കപ്പെട്ടതോടെയാണ് നടപടി എടുത്തത്.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട പി എം ബഷീര്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. ആര്യാന്‍ ഷൗക്കത്തുമായുള്ള ബന്ധം മുതലെടുത്ത് ചട്ടങ്ങള്‍ ലംഘിച്ച് നിലമ്പൂര്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ ഭാര്യയുടെ പേരില്‍ മുറികളെടുത്തതുള്‍പ്പെടെയുള്ള കൃത്യവിലോപങ്ങളാണ് ഇയാള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിലും ഇയാളുടെ ഭാര്യയുടെ പേരില്‍ മുറി എടുത്തിട്ടുണ്ടത്രെ. കോണ്‍ഗ്രസിനോടുള്ള അമിത വിധേയത്വമാണ് ഇത്തരം വാരിക്കൂട്ടലുകള്‍ക്കു പിന്നിലെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം