നിലമ്പൂര്‍: നിലമ്പൂരിനു സമീപം കരുളായില്‍ യുവതിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. പിലാക്കോട്ടുപാടം വളാംപറമ്പന് ഹുസൈന്റെ മകള്‍ ഫസീല(27)യെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു.
തറയില്‍ പായയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്ത് വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ്. കവിളിനും വയറിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ഫസീലയുടെ സഹോദരന് മുനീറിനെ കാണാതായിട്ടുണ്ട്. ഇയാളുടെ ഉടുമുണ്ടും മുറിയുടെ താക്കോലും വീടിനു പുറത്തെ കുളിമുറിയില്‍ നിന്നും കൊലചെയ്യാനുപയോഗിച്ച കത്തി മൃതദേഹം കിടന്ന മുറിയിലെ കട്ടിലിനടിയില്‍നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. മുനീറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കാണാതായിട്ടുണ്ട്.
നിലമ്പൂര്‍ സി.ഐ: പി. അബ്ദുല്‍ ബഷീര്‍, പൂക്കോട്ടുംപാടം എസ്.ഐ: ദയാശീലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക്ക് അസി. കെ.ആര്. നിഷ, വിരലടയാള വിദഗ്ധന്‍ അനൂപ് ജോണ്‍ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മലപ്പുറം ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വളാഞ്ചേരി സ്വദേശി കുഞ്ഞിമൊയ്തുവാണ് ഫസീലയുടെ ഭര്‍ത്താവ്. മാതാവ്: റുഖിയ.

English summary