യംഗൂണ്‍: പടിഞ്ഞാറന്‍ ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യാ മുസ്ലിംകള് കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് യു.എന്‍. മുന്നറിയിപ്പ്. കുറഞ്ഞ ദിവസത്തേക്കു കൂടി ഉപയോഗിക്കാനുള്ള ഭക്ഷണവും ശുദ്ധജലവും മാത്രമേ ക്യാംപുകളില്‍ ബാക്കിയുള്ളൂവെന്നും ഭക്ഷണ വിതരണസംഘങ്ങള്ക്കു നേരെയുണ്ടായ ആക്രമണമാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും യു.എന്നിന്റെ മാനുഷിക കാര്യ ഏകീകരണ കാര്യാലയം അറിയിച്ചു. റാക്കയ്ന്‍ സംസ്ഥാനത്തെ ക്യാംപുകളില്‍ കഴിയുന്ന 20,000 ത്തോളം റോഹിന്‍ഗ്യകളാണ് വന്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകള്‍ക്കു നേരെ തീവ്രബുദ്ധിസ്റ്റുകള് കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയതോടെ ഭക്ഷ്യവിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്.
സഹായ വിതരണ സംഘാംഗങ്ങളില്‍ റോഹിന്‍ഗ്യാ മുസ്്ലിംകള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. സഹായ വിതരണസംഘങ്ങള്‍ മതചിഹ്നങ്ങള്‍ മോശമായ രീതിയില്‍ ഉപയോഗിച്ചെന്നും മുസ്്ലിംകള്‍ക്കു മാത്രമേ സഹായങ്ങള്‍ ലഭിക്കുന്നുള്ളൂവെന്നും ബുദ്ധിസ്റ്റുകള്‍ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മനുഷ്യാവകാശ സംഘങ്ങള്‍ മ്യാന്മറിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം അഞ്ചു ശതമാനത്തോളം (ആറു കോടി)വരുന്ന റോഹിന്‍ഗ്യാ മുസ്ലിംകള് മ്യാന്മറില് കടുത്ത പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമാണ് ഇരയാവുന്നത്. രാജ്യത്തെ പൗരന്മാരായി അംഗീകാരം ലഭിക്കാത്ത ഇവര്‍ക്കെതിരേ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ബുദ്ധിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുന്നത്. ബുദ്ധരുടെ ആക്രമണത്തില്‍ ആയിരക്കണക്കിന് റോഹിന്‍ഗ്യകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.