2016ല്‍ വിട പറഞ്ഞ പ്രിയ താരങ്ങള്‍

By സംഗീത|Sunday January 1st, 2017
2

2016 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. പ്രത്യകിച്ച് മലയാള സിനിമാ രംഗത്ത് 2016 ആരാധകര്‍ക്ക് വേര്‍പാടുകളുടെ നൊമ്പരപ്പെടുത്തലുകളായി തീര്‍ന്നു. പകരം വെയ്ക്കാനില്ലാത്ത നിരവധി പ്രതിഭകളെയുടെ വിയോഗങ്ങള്‍ക്ക് 2016 സാക്ഷ്യം കുറിച്ചു. ഒരാളുടെ വിയോഗത്തിന്റെ നോവുകള്‍ മായും മുന്‍പെ അടുത്തയാളും എന്നപോലെയായിരുന്നു ഈ കൂട്ട വിടപറച്ചില്‍. ചലചിത്ര പ്രേമികളുടെ ഹൃദയവും സ്വന്തമാക്കിയായിരുന്നു ഈ മലയാളി താരങ്ങള്‍ യാത്രയായത്. അവര്‍ യാത്രയായെങ്കിലും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളിലുടെ അവരുടെ കഥകളിലൂടെ അവരുടെ ഗാനങ്ങളിലൂടെ അവരെന്നും ജീവിക്കും.

മലയാള സിനിമയുടെ മണിക്കിലുക്കമായിരുന്ന കലാഭവന്‍ മണി(45) യുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകവും മലയാളികളും അറിയുന്നത്. പകരം വെയ്ക്കാനില്ലാത്ത അഭിനയത്തിലൂടെ ജനഹൃദയം കൈപ്പിടിയിലാക്കിയ കലാഭവന്‍ മണി ഈ ലോകത്തെ വിട്ടുപോയത് മാര്‍ച്ച് ആറിനായിരുന്നു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരക്കവെ ആയിരുന്നു മരണം സംഭവിച്ചതെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം ഇന്നു വരേയ്്ക്കും പുറത്ത് വന്നിട്ടില്ല. മണിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇന്നും തുടരുകയാണ്.

ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടി കല്‍പ്പന(51) യും ഓര്‍മ്മയായത്. കല്‍പ്പനയുടെ അപ്രതീക്ഷിത മരണം അത്രപെട്ടന്ന് ആര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രീകരണത്തിനായി ഹൈരദാബാദില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ജനുവരി 25 നായിരുന്നു ഏവരുടേയും ഹൃദയത്തിന്‍ മുറിവേല്‍പ്പിച്ച് കല്‍പന യാത്രയായത്. നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ബാലതാരമായി സിനിമയില്‍ പ്രവേശിച്ച കല്‍പ്പന പിന്നീട് വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിളും അഭിനയിച്ചു.

ആത്മാവില്‍ മുട്ടിവിളിച്ച എന്ന ഗാനത്തിലൂടെ മലയാളികളുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ മലയാളികളുടെ പ്രിയങ്കരനായ മഹാകവി ഒ.എന്‍.വി കുറുപ്പി(84) ന്റെ വിയോഗവും 2016 സാക്ഷ്യംവഹിച്ചു. മലയാള സിനിമയ്ക്ക് വേണ്ടി ആത്മാവില്‍ മുട്ടിവിളിച്ച എന്ന പാട്ടെഴുതിയാണ് ഒഎന്‍വി എന്ന കവി മലയാള സിനിമകളിലേക്കുള്ള യാത്രയാരംഭിച്ചത്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് ഏവര്‍ക്കും നഷ്ടമായിരിക്കുന്നത്.

ഛായാഗ്രാഹകന്‍ ആനന്ദക്കുട്ട(62) ന്റെ വിയോഗവും മലയാളസിനിമയുടെ തീരാനഷ്ടങ്ങളില്‍ ഒന്നായി തീര്‍ന്നു. ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടന്‍ മലയാളസിനിമയില്‍ അറിയിപ്പെട്ടിരുന്നത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ഫെബ്രുവരി 14 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

സിനിമാ സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്ന രാജാമണി(60) യുടെ വിടവാങ്ങലിനും 2016 സാക്ഷ്യംകുറിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു രാജാമണി. ഗോപി സുന്ദറും ബിജിപാലും ദീപക്ക് ദേവുമൊക്കെ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പശ്ചാത്തല സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ ആളാണ് രാജാമണി. പാട്ടുകളെ സ്‌നേഹിച്ച മലയാളികളുടെ മനസ്സില്‍ വരികളില്ലാത്ത ഈണത്തെ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്ക(88) രും ഈ ലോകത്തോടു വിടപറഞ്ഞത് 2016 ലായിരുന്നു. സുപ്രസിദ്ധ കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ കേരളത്തില്‍ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ്. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള വേദിയിലെത്തില്ല അതുല്യ പ്രതിഭയാണ് കാവാവം നാരായണ പണിക്കര്‍. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു വേണ്ടി അവസാനമായി തിരക്കഥ എഴുതിയ ടി.എ റസാഖ്(58) ഓര്‍മ്മയായതും 2016 ലായിരുന്നു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് വിടപറയുന്നത് ആഗസ്റ്റ് 15നായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു അദ്ദേഹം. രാപ്പകല്‍, ബസ് കണ്ടക്ടര്‍, വേഷം, പെരുമഴക്കാലം, ഗസല്‍ തുടങ്ങീ 25ഓളം ചിത്രങ്ങള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട് അദ്ദേഹം.

കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്റെ വിടവാങ്ങള്‍ മാര്‍ച്ച് 24നായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അദ്ദേഹം.

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ജിഷ്ണുവിന്റെ വിയോഗം മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു. മരണം വരെ അര്‍ബുദരോഗത്തോട് അവസാനം വരേയും ജിഷ്ണു പടപൊരുതി നിന്നുവെങ്കിലും ഒടുവില്‍ മരണത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു ഈ പ്രിയ താരത്തിന്. മാര്‍ച്ച് 25നാണ് ജിഷ്ണു ഈ ലോകത്തോടു വിടപറയുന്നത്.

സംഗീത സംവിധായകയും ഗായികയുമായ ഷാന്‍ ജോണ്‍സ(29) ന്റെ അപ്രതീക്ഷിത മരണത്തിനും 2016 സാക്ഷ്യംവഹിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ കൂടിയാണ് ഷാന്‍. അച്ഛന്റെ പാതയില്‍ നടക്കാനാഗ്രഹിച്ച് പാതി വഴിയില്‍ നിലച്ച സംഗീതം പോലെ ഷാന്‍ ജോണ്‍സനും അച്ഛന്റെ അരികിലേക്ക് യാത്രയായി. ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാര്‍ട്‌മെന്റില്‍ ഫെബ്രുവരി ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഷാനിന്റെത് സ്വാഭാവിക മരണമായിരുന്നു.

സംവിധായകന്‍ രാജേഷ് പിള്ളയുടെ വിടവാങ്ങലിനും 2016 സാക്ഷ്യംകുറിച്ചു. ട്രാഫിക്ക് എന്ന സിനിമയിലൂടെ മലയാളത്തില്‍ നവതരംഗം സൃഷ്ടിച്ച സംവിധായകന്‍ രാജേഷ് പിള്ള ഫെബ്രുവരി 27നാണ്. വേട്ട ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

സംവിധായകന്‍, സഹസംവിധായകന്‍ കഥാകൃത്ത് എന്നീ വ്യത്യസ്ത സിനിമാ മേഖലകളില്‍ പ്രവര്‍ത്തിച്ച ശശിശങ്കര്‍ വിടപറഞ്ഞതും 2016ലാണ്. ഇദ്ദേഹം ജനപ്രിയ ചിത്രങ്ങളുടെ സൃഷ്ടാവ് കൂടിയാണ്. നാരായം, കുഞ്ഞിക്കൂനന്‍ തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം യാത്രയായത് ആഗസ്റ്റ് 10നായിരുന്നു.

ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സജി പരവൂര്‍ ഓര്‍മ്മയായത് മാര്‍ച്ച് എട്ടിനായയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

വേട്ട എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മോഹന്‍രൂപിന്റെ മരണത്തിനും 2016 സാക്ഷ്യം കുറിച്ചു. 1984ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നിച്ചഭിനയിപ്പിച്ച വേട്ട യാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ പോയതറിയാതെ, എക്‌സ്‌ക്യൂസ് മീ ഏതു കോളേജിലാ, സ്പര്‍ശം, ശില്‍പി, കണ്‍കള്‍ അറിയാമല്‍, തൂതവന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

എകെ ആന്റണിയെ അനുകരിച്ച് ജനപ്രിയനായി മാറിയ സുഭാഷിന്റെ മരണവും 2016ലായിരുന്നു. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്കു പ്രിയങ്കരനായിരുന്നു സുഭാഷ്.

ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്ന പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ വിടപറയുന്നത് 2016 മാര്‍ച്ച് അഞ്ചിനായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രശ്‌സത നാടക നടനും നടന്‍ സുധീഷിന്റെ അച്ഛനുമായ സുധാകരന്റെ വിയോഗത്തിനും 2016 സാക്ഷ്യംകുറിച്ചു. കോഴിക്കോടന്‍ നാടകവേദികളില്‍ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്നു സുധാകരന്‍. ഇദ്ദേഹം അമ്പതോളം സിനിമകളിലും അമച്വര്‍പ്രൊഫഷണല്‍ ഉള്‍പ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചു.

100 ലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രശസ്ത സീരിയല്‍ നടനായ കൊല്ലം ജി.കെ പിള്ള(83) യും ഓര്‍മ്മയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം യൂണിവേഴ്‌സല്‍ തീയറ്ററിലൂടെയാണ് നാടകരംഗത്ത് എത്തുന്നത്.

സിനിമാ സീരിയല്‍ നടി രേഖാ മോഹന്റെ അപ്രതീക്ഷിത മരണത്തിനും 2016 സാക്ഷ്യംകുറിച്ചു. നടിയുടെ മൃതദേഹം ഫഌറ്റിലെ ഡൈനിംഗ് ടേബിളില്‍ ചാരിയിരിക്കുന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ നടിയുടെ മരണത്തില്‍ ദുരൂഹതകളേറെ സൃഷ്ടിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പുറത്തുവന്നു. ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ സിനിമകളില്‍ രേഖ അഭിനയിച്ചിരുന്നു.

മലയാള സിനിമയുടെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജഗന്നാഥ വര്‍മ അരങ്ങൊരിഞ്ഞതും 2016ലായിരുന്നു. തന്റേതായ വ്യക്തിമുദ്രയിലൂടെ അഭിനയസമ്പത്ത് നേടിയെടുത്ത നടന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്നു. ഡിസംബര്‍ 20 നായിരുന്നു അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത്. 35ല്‍ അധികം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളികള്‍ക്കും മലയാള സിനിമയ്ക്കും എന്നും തീരാനഷ്ടം തന്നെയാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/obituries-from-film-world-2016">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം