മലപ്പുറം: മലപ്പുറം, കൊല്ലം കലക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനങ്ങള്‍ അടക്കം അഞ്ച് സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മൂന്നുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. അബ്ബാസ് അലി (27), സുലൈമാന്‍(23), സംസം കരിം രാജ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് ഇവര്‍.
ചിറ്റൂര്‍(ആന്ധ്ര പ്രദേശ്), മൈസൂര്‍ (കര്‍ണാടക), നെല്ലൂര്‍(ആന്ധ്രപ്രദേശ്) എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഇവരാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. തമിഴ്നാട് പൊലീസ്, തെലങ്കാന പോലീസ് എന്നിവരുടെ സഹായത്തോടെയായിരുന്നു എന്‍.ഐ.എ നടപടി. ചെന്നൈയില്‍ ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന സുലൈമാന്‍ ആണ് സംഘത്തിലെ പ്രധാനി. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.