കുഞ്ഞാലിക്കുട്ടിക്ക് മനം മാറ്റം; മലപ്പുറം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച

Wednesday March 15th, 2017
2

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ മുസ്‌ലിം ലീഗിന്റെ സുപ്രധാന പ്രവര്‍ത്തക സമിതിയും പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ബുധനാഴ്ച മലപ്പുറത്ത് ചേരും. രാവിലെ 11ന് റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പ്രവര്‍ത്തക സമിതി. ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേരുന്ന പാര്‍ലമെന്റ് ബോര്‍ഡ് യോഗത്തിലായിരിക്കും. സസ്‌പെന്‍സിന് വിരാമമിട്ട് ഹൈദരലി തങ്ങളുടെ പ്രഖ്യാപനം വരുന്നതോടെ പാര്‍ട്ടി സംവിധാനം പൂര്‍ണമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നീങ്ങും. അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ സ്ഥാനാര്‍ഥി അദ്ദേഹം തന്നെയാകുമെന്ന ധാരണയാണ് പാര്‍ട്ടി പ്രവര്‍ത്തകരിലടക്കം പരന്നത്.

അതേസമയം, യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന മുന്നേറ്റത്തിന് ശേഷം കുഞ്ഞാലിക്കുട്ടിക്ക് മനംമാറ്റമുണ്ടായതായി അഭ്യൂഹമുണ്ട്. ഇതേ തുടര്‍ന്നത്രേ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പോയാല്‍ കേരളത്തില്‍ യു.ഡി.എഫ് ദുര്‍ബലമാകുമെന്ന പ്രചാരണം വ്യാപകമായത്. തന്റെ അഭാവത്തില്‍ കേരളത്തില്‍ യു.ഡി.എഫിനെ നയിക്കാന്‍ കരുത്തുറ്റ നേതൃത്വം ഇവിടെതന്നെ ഉണ്ടെന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നത്. യു.ഡി.എഫിന്റെ കൂടി ‘സമ്മര്‍ദ’ത്തിന് വഴങ്ങി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചാലേ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരുകയുള്ളൂ.
കുഞ്ഞാലിക്കുട്ടിയെ പോലെ മണ്ഡലം ഇളക്കിമറിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളില്ലാത്തത് പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മത്സരിപ്പിക്കുക എന്ന നിര്‍ദേശം ചില നേതാക്കള്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന നയത്തില്‍നിന്ന് തങ്ങള്‍ കുടുംബം വ്യതിചലിക്കുമോയെന്ന സംശയം ബാക്കിയുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അന്തരിച്ച ഇ. അഹമ്മദിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രചാരണമുണ്ട്. വനിത സ്ഥാനാര്‍ഥിയെ ഉള്‍ക്കൊള്ളാനുള്ള വിശാല സമീപനം നിയമസഭ തെരഞ്ഞെടുപ്പില്‍ പോലും പുലര്‍ത്താത്ത പാര്‍ട്ടി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടാനുള്ള സാധ്യത വിദൂരമാണ്. മാത്രവുമല്ല, സംഘടന പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ രംഗത്തില്ലാത്തയാളെ മത്സരിപ്പിക്കുമ്പോഴുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുകയും ചെയ്യും. സമസ്തയുടെ നിലപാടുകൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/malapu-ram-by-election-iuml-candidate">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം