സിപിഎം-ലീഗ് രണ്ടാം കെട്ടിനു പിന്നിലെ രഹസ്യ അജണ്ടകള്‍

By അബൂഅഹമ്മദ് നിഷാന്‍|Monday October 26th, 2015
2

CPM IUMLതദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വരാനിരിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുകയാണ്. സിപിഎം-മുസ്ലീംലീഗ് സഖ്യസാധ്യതകളാണ് കുറച്ചു ദിവസങ്ങളായി രാഷ്ട്രീയനിരീക്ഷകരുടെ സംസാരം. യുഡിഎഫിലെ രണ്ടാം കക്ഷിയും, എല്‍ഡിഎഫിലെ ഒന്നാം കക്ഷിയും തമ്മിലുള്ള രണ്ടാം കെട്ടായിരിക്കും ഇതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത്തരത്തിലുള്ള സഖ്യ സാധ്യത അണിയറ വര്‍ത്തമാനമായി ഒതുങ്ങുന്നില്ലെന്നാണ് ഇരു വിഭാഗവും നല്‍കുന്ന സൂചനകള്‍.

പ്രത്യക്ഷത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പലജില്ലകളിലും, പ്രത്യേകിച്ച് ലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള മലപ്പുറത്ത് ഉയര്‍ന്നുവന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം ഇത്തരം ഒരു സഖ്യത്തിലേക്ക് വഴിതെളിക്കും എന്നു തന്നെയാണ് സൂചന നല്‍കുന്നത്. ഇവിടെ കോണ്‍ഗ്രസിലെ തറ പറ്റിക്കാന്‍ രഹസ്യ അജണ്ടയുമായി സി.പി.എം സഹകരണത്തോടെ ലീഗ് രംഗത്തിറങ്ങിയതായാണ് സൂചന. ലീഗിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലെത്തുന്നത് പരസ്പര വിമര്‍ശനം തീരെയില്ലാതെയാണെന്നതും ഈ സഖ്യത്തിലേക്കുള്ള ചൂണ്ടു പലകയായാണ് വിലയിരുത്തുന്നത്. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടിയേയുമാണ് സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ലീഗ് വിമര്‍ശകരായ ഐ.എന്‍.എല്‍ നേതാക്കള്‍ ഇടത് വേദികളിലുണ്ടെങ്കിലും അവരും പഴയ ശത്രുത കാണിക്കുന്നില്ല. വിമര്‍ശനം വേണ്ടെന്ന് ഐ.എന്‍.എല്‍ പ്രാസംഗികര്‍ക്ക് നിര്‍ദ്ദേശമുണ്ടത്രെ. ബിജെപിക്കെതിരെ നിലപാട് എടുക്കുന്നത് കൊണ്ട് ലീഗ് അണികളില്‍ സിപിഎമ്മിനോടുള്ള അനുഭാവം നശിപ്പിക്കരുതെന്നാണത്രെ സി.പി.എം നേതൃത്വം ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

IUML Kodiyeri Cpmകോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രമുഖ ലീഗ്-കോണ്‍ഗ്രസ് നേതാക്കളുടെ തട്ടകങ്ങളില്‍ പോലും ലീഗ്-സി.പി.എം അടവ് നയം പരീക്ഷിക്കുന്നത് പുതിയ സഖ്യ സൂചനയാണ് നല്‍കുന്നതെന്നാണ് ലീഗിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. ലീഗിനെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്ന സുന്നിസംഘടന സമസ്ത തുടര്‍ച്ചയായി സിപിഎം അനുകൂല പരമാര്‍ശം നടത്തുന്നതും യാദൃശ്ചികമായി കാണാനാകില്ല. എന്നാല്‍ മുന്‍കാല അനുഭവങ്ങള്‍ വച്ച് ലീഗ്-സി.പി.എം രണ്ടാം കെട്ടിന് ബലം കിട്ടില്ലെന്നു കരുതുന്ന ലീഗ് നേതാക്കളും പാര്‍ട്ടിയിലുണ്ട്.

1967ലെ സപ്തകക്ഷി മുന്നണി കാലത്താണ് സംസ്ഥാനതലത്തില്‍ ആദ്യവും അവസാനവുമായി സിപിഎം-ലീഗ് പ്രത്യക്ഷ ബാന്ധവം ഉണ്ടാകുന്നത്. എന്നാല്‍ വന്‍ പ്രതീക്ഷയോടെ വന്ന ഈ മുന്നണി വര്‍ഷങ്ങള്‍ക്കുള്ളില്‍ താഴെ വീണതോടെ പിന്നീട് ലീഗ് എന്നും സിപിഎം വിരുദ്ധ മുന്നണിയിലായിരുന്നു. പക്ഷെ തദ്ദേശീയമായി ലീഗ് സിപിഎം ധാരണകള്‍ പിന്നീടും കണ്ടിട്ടുണ്ട്. 2000ത്തില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ 25ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗ്-സിപിഎം അടവ് സഖ്യം അരങ്ങേറിയിരുന്നു. അതിനുമുമ്പ് 1991 ലെ തെരഞ്ഞടുപ്പില്‍ ലിഗ് ഇടതുമുന്നണിയിലെത്തിയെക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇഎംസിന്റെ ചില പരാമര്‍ശങ്ങളില്‍ തട്ടി അത് ഇല്ലാതായി. ഇപ്പോള്‍ ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് നടക്കുന്ന ലീഗ്-കോണ്‍ഗ്രസ് പോരാട്ടം 2000ത്തിലെ സാഹചര്യത്തിന് സമാനമാണെന്നാണ് ലീഗ് നേതാക്കള്‍ തന്നെ പറയുന്നത്.

iuml leadersഅതെസമയം, അണികളെ ഏതുരീതിയില്‍ ബോദ്ധ്യപ്പെടുത്തുമെന്നത് ഇരു പാര്‍ട്ടികള്‍ക്കും വെല്ലുവിളിയാണ്. ലീഗുമായി സിപിഎം ആശയപരമായും, കായികപരമായും സംഘര്‍ഷത്തിലായിരിക്കുന്ന നാദാപുരം, കാസര്‍കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ഇത്തരം ഒരു സഖ്യം വന്നാല്‍ തിരിച്ചടി ലഭിക്കുക സിപിഎമ്മിനായിരിക്കും എന്നാണ് പ്രദേശിക നേതൃത്വങ്ങളുടെ ഭയം. ഇതോടൊപ്പം എല്‍ഡിഎഫിലേയും, പാര്‍ട്ടിയിലെ തന്നെയും ലീഗ് വര്‍ഗ്ഗീയകക്ഷിയാണ് എന്ന് അഭിപ്രായമുള്ള വലിയൊരു വിഭാഗത്തെ ഏത് രീതിയില്‍ അനുനയിപ്പിച്ച് കൂടെ നിര്‍ത്തും എന്നതും വലിയ പ്രശ്‌നമാണ്. പാര്‍ട്ടിയില്‍ ശക്തമായി വരുന്ന ബുദ്ധിജീവി കേന്ദ്രങ്ങളെയാണ് സിപിഎം ഔദ്യോഗിക നേതൃത്വം ഇക്കാര്യത്തില്‍ ഭയക്കുന്നത്. അതെ സമയം, തക്കതായ കാരണമില്ലാതെ യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചാല്‍ അക്കാര്യം അണികളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ലീഗും ആശങ്കയിലാണ്.

എന്നാല്‍ എല്ലാ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്തു സംഭവിക്കുന്ന അടവ് മുന്നണികള്‍ക്ക് അപ്പുറം ഒന്നുമില്ലെന്നാണ് ലീഗിന്റെ മുന്നണി മാറ്റ വാര്‍ത്തയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ശക്തമായ മേല്‍കൈ ലഭിച്ചാല്‍ അത് തീര്‍ച്ചായും ഭരണതുടര്‍ച്ചയുടെ സൂചനയാകുമെന്നും ഇത് പുതിയ സഖ്യസാധ്യതകള്‍ തേടുന്നതില്‍ നിന്നും ലീഗിനെ പിന്നോട്ടു വലിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ലീഗ് ഇല്ലാതെ ഭരണതുടര്‍ച്ച എന്നത് സാധ്യമാകില്ലെന്ന് കോണ്‍ഗ്രസിലെ എല്ലാ വിഭാഗങ്ങള്‍ക്കും നല്ല ഉറപ്പുണ്ട്. ഇക്കാരണത്താല്‍ തന്നെ കോണ്‍ഗ്രസിന്റെ തലോടല്‍ ഏറ്റു കഴിയുന്ന ലീഗ് ഈയൊരു പരിഗണന അവഗണിച്ച് മുന്നണി വിട്ട ്‌പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്.
അതെസമയം, ഇത്തരം ഒരു നീക്കം നടന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന മറുനീക്കങ്ങളിലായിരിക്കും കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഒരു ഘട്ടത്തില്‍ കെഎം മാണിയെ ഉപയോഗിച്ച് യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കത്തെ അപ്രതീക്ഷിതമായി കിട്ടിയ ബാര്‍കോഴ കേസ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്്ട്രീയ തന്ത്രമാണെന്നു തന്നെയാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്. ഇത്തരത്തില്‍ കടുപ്പമുള്ള ഒരു നീക്കം ലീഗിനെതിരെയും ഉമ്മന്‍ചാണ്ടി പയറ്റുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സി.പി.എം ബാന്ധവത്തെക്കുറിച്ച് രഹസ്യ ചര്‍ച്ചകള്‍ സജീവമാകുമ്പോഴും പരസ്യമായി ഒന്നും പറയാതിരിക്കുന്ന മുസ്ലിംലീഗ് നിലപാട് ഉമ്മന്‍ചാണ്ടിയുടെ ഈ മറുതന്ത്രം ഭയന്നിട്ടാണെന്നും വിലയിരുത്തുന്നു.

UDF INC Iumlകോണ്‍ഗ്രസുമായുള്ള പ്രദേശികപ്രശ്‌നം, വര്‍ഗ്ഗീയതയുടെ വളര്‍ച്ച തുടങ്ങിയവക്കുമപ്പുറം സി.പി.എമ്മുമായുള്ള സഖ്യസാധ്യത തേടുന്നതിന് ലീഗിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അധികാരം തന്നെയാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നു ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അതില്‍ ലീഗിന് തെല്ലും വിശ്വാസമില്ല. കേരളത്തില്‍ അധികാരം ഇല്ലാതെ നില്‍ക്കുന്ന അവസ്ഥ ഇന്നത്തെ സാഹചര്യത്തില്‍ ലീഗിലെ ഒരു വിഭാഗത്തിന് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കഴിഞ്ഞ തവണ കേരളത്തില്‍ അധികാരത്തില്‍ ഇല്ലാതിരുന്നപ്പോഴും കേന്ദ്രത്തിലെ ഭരണപങ്കാളിത്തമായിരുന്നു ലീഗിനെ യു.ഡി.എഫില്‍ നിലനിര്‍ത്തിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ ഭരണം മറിയുമെന്നുറപ്പുള്ള ലീഗ് സി.പി.എമ്മുമായി അടുക്കുന്നതിലൂടെ ഭരണതുടര്‍ച്ചയാണ് ലക്ഷ്യം വക്കുന്നത്. 2006 ല്‍ ഡിഎംകെ പയറ്റിയ രീതിയാണ് ലീഗിന് ഇക്കാര്യത്തില്‍ ലീഗിന് ദേശീയ മാതൃക.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം