ഖമറുന്നീസക്കെതിരായ നടപടി മുസ്ലിംലീഗില്‍ വിവാദമാകുന്നു

By സ്വന്തം ലേഖകന്‍|Saturday May 6th, 2017
2

കോഴിക്കോട്: ബി.ജെ.പിയെ പ്രശംസിച്ച് പ്രവര്‍ത്തന ഫണ്ട് നല്‍കിയതിന്റെ പേരില്‍ വനിതാലീഗ് അധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്ത ഖമറുന്നീസ അന്‍വറിനെതിരായ നിലപാട് മുസ്ലിംലീഗില്‍ വിവാദമാകുന്നു. ബി.ജെ.പിയെ അനുകൂലിച്ച് സംസാരിക്കുകയും അവര്‍ക്ക് ഫണ്ട് നല്‍കിയതിനുമെതിരെയാണ് ഖമറുന്നീസക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന പരിപാടികളില്‍ സംഘപരിവാര നേതാക്കളെ പ്രത്യേക ക്ഷണിതാക്കളാക്കിയും മറ്റും മുസ്ലിംലീഗ് നേതാക്കള്‍ കാണിക്കുന്ന സംഘപരിവാര വിധേയത്വം ചോദ്യം ചെയ്യാതിരിക്കുകയും വനിതാനേതാവ് വീട്ടില്‍ പിരിവിനെത്തിയവര്‍ക്ക് പണം നല്‍കിയത് വിവാദമാക്കി നടപടിയെടുക്കുകയും ചെയ്തത് അനുചിതമായി എന്നാണ് പലരുടെയും നിലപാട്.
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആര്‍.എസ്.എസ് സഹയാത്രികനായ ബാബാരാംദേവിനൊപ്പം വേദി പങ്കിട്ടതും ആലിംഗനം ചെയ്തതും ഏറെ വിവാദമായിരുന്നെങ്കിലും പാര്‍ട്ടി നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുകയും അണികള്‍ പ്രതിരോധത്തിലാകുകയും ചെയ്തിട്ട് ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയോ സാദിഖലിക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്ന് ഖമറുന്നീസയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കോട്ടക്കലില്‍ നടന്ന ബാലഗോഗുകലം പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംഘപരിവാര ബാലസംഘത്തെ അനുകൂലിച്ചും പ്രശംസിച്ചും സംസാരിച്ച മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി സംഘപരിവാര നേതാക്കള്‍ക്കൊപ്പം നിരവധി തവണ വേദി പങ്കിടുകയും അനുകൂലമായി പ്രസംഗിക്കുകയും ചെയ്തിട്ടും നാളിതുവരെയായി ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിക്കുകയോ സമദാനി മാപ്പപേക്ഷ നല്‍കുകയോ ചെയ്തതായി അറിവില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സംഘപരിവാരത്തെയും ബി.ജെ.പിയെയും എതിര്‍ക്കാന്‍ മുസ്ലിംലീഗിന് പരിമിതികളുണ്ടെന്ന് പരസ്യമായി പറഞ്ഞ യുവ എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ദീനെതിരെ നടപടിയെടുക്കുകയോ വിശദീകരണം തേടുകയോ ചെയ്യാത്തത് എന്തേയെന്നും ഖമറുന്നീസയെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു.
അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ചടങ്ങുകളിലടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളില്‍ സംഘപരിവാര നേതാവും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ സ്ഥിരം ക്ഷണിതാവെന്നപോലെ ക്ഷണിച്ചിരുത്തുന്നതിന് ഏറെ എതിര്‍പ്പുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണെന്നും ആരോപണമുണ്ട്. അന്തരിച്ച ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനോട് അനാദരവ് കാണിച്ച സംഘപരിവാര്‍ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിക്കാനെത്തിയ പാര്‍ട്ടി നേതൃത്വം സംഘപരിവാര നടപടിയെ ഏറെ പിന്തുണച്ച് സംസാരിക്കുകയും ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് വി വി രാജേഷിനെ സന്ദര്‍ശിച്ച് ആശീര്‍വദിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെ ശിവസേന പരിപാടിയില്‍ പാര്‍ട്ടി നേതാവ് ഡോ. എം കെ മുനീര്‍ പങ്കെടുത്തതും വിവാദമായെങ്കിലും സംഭവത്തെക്കുറിച്ച് വിശദീകരണമോ നടപടിയോ ഉണ്ടായിരുന്നില്ല.
ഇക്കാരണത്താല്‍ തന്നെ ഖമറുന്നീസ അന്‍വറിനെതിരെ നടപടിയെടുത്തത് ന്യായീകരിക്കാനാവില്ലെന്നും നടപടിയെടുക്കുന്നെങ്കില്‍ സംഘപരിവാരത്തെ അനുകൂലിച്ച് സംസാരിക്കുകയും സംഘപരിവാര പരിപാടികളില്‍ സംബന്ധിച്ച് അവരെ പുകഴ്ത്തുകയും ചെയ്യുന്ന മുഴുവന്‍ നേതാക്കള്‍ക്കുമെതിരെ നടപടിവേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/iuml-action-khama-runnisa-take">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം