പ്രതീക്ഷകള്‍ തകര്‍ന്ന ഷബ്രിന്‍ പ്രവാസലോകത്തു നിന്ന് വേദനയോടെ മടങ്ങി

Sunday January 8th, 2017
2

ദമ്മാം: ഏറെ പ്രതീക്ഷകളോടെയാരംഭിച്ച പ്രവാസം ജീവിത പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ഷബ്രിന്‍ ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂര്‍ സ്വദേശിനിയായ ഷബ്രിന്‍ ഏഴു മാസങ്ങള്‍ക്ക് മുമ്പാണ് ദമ്മാമിലെ ഒരു സൗദിഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. നല്ല ജോലിസാഹചര്യങ്ങളും, കൃത്യമായ ശമ്പളവും വാഗ്ദാനം ചെയ്താണ് ട്രാവല്‍ ഏജന്റ്, നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങി ഷബ്രിന് വിസ നല്‍കിയത്. തന്റെ ദരിദ്രകുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ മാറ്റമുണ്ടാക്കാം എന്ന പ്രതീക്ഷയോടെയാണ് ഷബ്രിന്‍ ജോലിയ്ക്കായി പ്രവാസലോകത്തെത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കയ്‌പേറിയ അനുഭവങ്ങളാണ് ഷബ്രിന് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകല്‍ അതികഠിനമായ ജോലി ചെയ്യേണ്ടി വന്നു. കുറ്റപ്പെടുത്തലുകളും ശകാരവും വഴിയുള്ള മാനസികപീഡനം വേറെ. മൂന്ന് മാസം കഴിഞ്ഞിട്ടും ശമ്പളം ഒന്നും കൊടുത്തില്ല. ശമ്പളം ചോദിച്ചപ്പോള്‍, ആ വീട്ടുകാര്‍ ദേഹോപദ്രവം ഏല്‍പ്പിയ്ക്കാന്‍ തുടങ്ങിയതായി ഷബ്രിന്‍ പറയുന്നു. തുടര്‍ന്ന് സഹിയ്ക്ക വയ്യാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന ഷബ്രിന്‍, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഷബ്രിന്‍ തന്റെ അവസ്ഥ പറഞ്ഞു സഹായം അഭ്യര്‍ത്ഥിച്ചു. കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല, എങ്ങനെയും നാട്ടിലേയ്ക്ക് തിരികെപോയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു ഷബ്രിന്‍ അപ്പോള്‍. തുടര്‍ന്ന് മഞ്ജു ഇക്കാര്യം ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു മഞ്ജു, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരോടൊപ്പം ഷബ്രിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. തനിയ്ക്ക് നഷ്ടപരിഹാരം നല്‍കിയാലേ ഷബ്രിന് എക്‌സിറ്റ് നല്‍കുള്ളൂ എന്ന നിലപാടിലായിരുന്നു ആദ്യം സ്‌പോണ്‍സര്‍. ഇതുമൂലം ഷബ്രിന്റെ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു. നിരന്തരസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം വാങ്ങാതെ ഫൈനല്‍ എക്‌സിറ്റ് തരാമെന്ന് സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഷബ്രിന്റെ നാട്ടിലെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, ഏജന്റ് വിമാനടിക്കറ്റ് നല്‍കാമെന്ന് സമ്മതിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, തകര്‍ന്ന പ്രതീക്ഷകളുമായി, വെറും കൈയോടെ ഷബ്രിന്‍ നാട്ടിലേയ്ക്ക് മടങ്ങി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/gadhama-shabrin-saudi-escape">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം