ചികില്‍സാരംഗം സുതാര്യമാക്കാന്‍ വേണം കേരളത്തിലും ഇ-പ്രെസ്‌ക്രിപ്ഷന്‍

By എം പി പ്രേംജി|Sunday February 21st, 2016
2

E prescription Keralaകേരളം ഇന്ന് പല കാര്യങ്ങളിലും വളരെയേറെ വളര്‍ന്നു. മാത്രമല്ല ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ്. ആധുനിക സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം ഉണ്ടാക്കിയെടുക്കുമ്പോള്‍ ആരോഗ്യരംഗത്ത് കേരളം ഏറ്റവും പിന്നിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ചുറ്റും ദര്‍ശിക്കാനാകുക. മരുന്ന് കുറിപ്പടികള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി എഴുതണമെന്നു മെഡിക്കല്‍ കൗണ്‍സിലും മനുഷ്യാവകാശ കമ്മീഷനും ഡോക്ടര്‍മാരോട് നിര്‍ദേശം പുറപ്പെടുവിച്ചിട്ടും യാതൊരു കുലുക്കവുമില്ല. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന വാശിയിലാണ് കേരളത്തിലെ ഡോക്ടര്‍മാര്‍.

ഔഷധ വിപണിയില്‍ മരുന്നുകളും മരുന്ന് കമ്പനികളും വളരെയേറെ വര്‍ദ്ധിച്ചു. പ്രതിമാസം രണ്ടായിരത്തിലധികം മരുന്നുകള്‍ വിവിധ പേരുകളിലും ചേരുവകകളിലുമായി കേരള വിപണിയില്‍ എത്തുന്നു എന്നാണു കണക്കുകള്‍ പറയുന്നത്. ഈയൊരവസ്ഥയില്‍ അക്ഷരം ഒന്ന് മാറിയാല്‍ മരുന്ന് തന്നെ മാറുന്നതിനും രോഗിയുടെ ജീവന്‍ നഷ്ടപ്പെടുകയോ ആയുഷ്‌ക്കാലം കിടപ്പിലാകുകയോ.. മരുന്ന് മാറിയതിന്റെ പേരിലോ അളവ് തെറ്റി കഴിച്ചതിന്റെ പേരിലോ മറ്റു രോഗങ്ങള്‍ കൂടി വന്നു ചേരാനും മരുന്നുകള്‍ മാറി മാറി കഴിക്കാനും ഇട വന്നേക്കാം. വാഹന അപകടത്തില്‍ പെട്ടോ വെള്ളത്തില്‍ വീണോ ആത്മഹത്യയിലൂടെയോ അകാലത്തില്‍ മരണപ്പെടുന്നവരുടെ കണക്കുകള്‍ അധികാരികളുടെ പക്കല്‍ ലഭിച്ചേക്കാം. എന്നാല്‍ മരുന്ന് മാറി, തെറ്റായ അളവില്‍ കഴിക്കാന്‍ നിര്‍ദേശിച്ചു എന്നതിന്റെ പേരില്‍ ഉണ്ടാകുന്ന അകാല മരണം എത്രയെണ്ണം ശരിയായി പുറത്ത് വരുന്നു.. അധികവും കേള്‍ക്കുക അണുബാധ മൂലം മരണപ്പെട്ടു എന്നായിരിക്കും. ഡോക്ടര്‍മാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന ഒരു പദ പ്രയോഗം. അണുബാധ ഉണ്ടായത് എന്ത് കാരണത്താലാണ് എന്ന് വിശദീകരിക്കാന്‍ ഇവര്‍ താല്പര്യം കാണിക്കാറില്ല. ആരും അത് ചോദിക്കാറില്ല എന്നത് മറ്റൊരു സത്യം.

eprescriptionവികസിത രാജ്യമായ അമേരിക്കയില്‍ പോലും അനുദിനം എഴുതിവിടുന്ന മരുന്ന് കുറിപ്പടികളില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട് എന്ന് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍ ആയി സേവനം ചെയ്യുന്നവര്‍ പങ്കുവെക്കുന്നു. ഇത് കണ്ടെത്താനും.. മനസ്സിലാക്കാനും ആവശ്യമായ തിരുത്തലുകള്‍ നടത്താനും അവരെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഇലക്ട്രോണിക് പ്രെസ്‌ക്രിപ്ഷന്‍ അഥവാ .. ഇ പ്രെസ്‌ക്രിപ്ഷന്‍. നമ്മുടെ നാട്ടില്‍ ഇനിയും ഇത് നടപ്പിലായിട്ടില്ല. കേരളത്തിലെ ആശുപത്രികളിലും മരുന്നുകടകളിലും മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും വിപണനം നടത്തുന്നതും ഫാര്‍മസിയില്‍ യാതൊരു യോഗ്യതയും അംഗീകാരവും ഇല്ലാത്തവരാണ്.. അതുപോലെ നമ്മുടെ മെഡിക്കല്‍ കോളേജുകളുടെ അവസ്ഥയും പഠനനിലവാരവും കൂടി കണക്കിലെടുത്താല്‍ മരുന്ന് കുറിച്ച് നല്‍കുന്നതിലും മരുന്നിന്റെ അളവും ചേരുവകകളും നിശ്ചയിക്കുന്നതിലും ഉണ്ടാകുന്ന പിഴവുകള്‍ എത്ര ഭീകരമായിരിക്കും. ഇതൊന്നും ചിന്തിക്കാതെ മനസ്സിലാക്കാതെ ജനം മരുന്നു വാങ്ങി കഴിക്കുന്നു.

ഫാര്‍മസി മേഖലയെയും ഔഷധ വിതരണത്തെയും ശരിയായ ദിശയില്‍ നയിക്കുന്നതിന് നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല. ഇത്ര മാത്രം വൃത്തിഹീനമായി ജീവന്‍ രക്ഷ ഔഷധങ്ങള്‍ തന്റെ ഉപഭോക്താവ് കൂടിയായ രോഗി ക്ക് കുറിച്ച് നല്‍കുന്ന ഡോക്ടര്‍മാര്‍ വേറെ എവിടെയെങ്കിലും കാണുമോ എന്ന് സംശയമാണ്. ഉപഭോക്തൃനിയമം അനുസരിച്ച് ഇത്തരം ഡോക്ടര്‍ മാരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കാന്‍ ജനം തയ്യാറാകണം. കാരണം അത്ര മാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഔഷധ ഉപയോഗം. ചെറിയ ഒരു പിഴവ് ഉണ്ടാക്കുന്ന നഷ്ടം ചിലപ്പോള്‍ ജീവഹാനി വരെ സംഭവിക്കാം.

presആരെങ്കിലും ഒരാള്‍ അസുഖവുമായി ഡോക്ടറെ കാണാന്‍ ആശുപത്രിയിലോ ക്ലിനിക്കിലോ ചെന്നാല്‍ അവിടെ രോഗിയുടെ പേരെഴുതി ഒരു കടലാസ് കൈയ്യില്‍ കൊടുത്തു വിടുന്നു. രോഗിയെ പരിശോധിച്ചു ഡോക്ടര്‍ ഇതില്‍ മരുന്ന് കുറിച്ച് നല്കുന്നു. രോഗി ഇതുമായി പോയി മരുന്ന് വാങ്ങുന്നു കഴിക്കുന്നു. അസുഖം കുറവില്ലെങ്കില്‍ വീണ്ടും ഇതേ ഡോക്ടറെയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ഡോക്ടറെയോ പോയി കാണുന്നു. പലപ്പോഴും നേരത്തെ കഴിച്ച മരുന്നിന്റെ വിവരം അടങ്ങിയ കടലാസ് ഡോക്ടറെ കാണിച്ചു എന്നും വരില്ല. ഇവിടെ നേരത്തെ എഴുതി നല്‍കിയ മരുന്ന് എന്താണ് എന്ന് ഡോക്ടര്‍ക്കും ഓര്‍മയുണ്ടാവില്ല. ഈയൊരവസ്ഥയില്‍ നേരത്തെ കഴിച്ച മരുന്നുമായി ബന്ധമില്ലാത്ത മരുന്നാണ് വീണ്ടും എഴുതി നല്‍കാന്‍ ഇടയാകുന്നതെങ്കില്‍ ചിലപ്പോള്‍ അത് വിപരീത ഫലം ഉണ്ടാക്കും. ഇത് കണ്ടെത്താന്‍, പരിഹരിക്കാന്‍ കഴിയുന്ന രേഖകള്‍ ഒന്നും ഇന്നത്തെ അവസ്ഥയില്‍ രോഗിയുടെ പക്കല്‍ ഉണ്ടാകുകയുമില്ല.

ഇവിടെയാണ് വിദേശ, വികസിത രാജ്യങ്ങളില്‍ ഒക്കെ വളരെ നേരത്തെ നടപ്പിലാക്കിയ (നമ്മുടെ നാട്ടിലെ ചില സ്വകാര്യ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട് എന്നറിയുന്നു) ഇ-പ്രെസ്‌ക്രിപ്ഷന്റെ പ്രാധാന്യം.

ഇ-പ്രെസ്‌ക്രിപ്ഷന്‍ നടപ്പില്‍ വരുകയാണെങ്കില്‍ രോഗി ഡോക്ടറെ കാണാന്‍ വരുമ്പോള്‍ അദ്ധേഹത്തിന്റെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നു. ഒരു കോഡ് നമ്പര്‍/സീരിയല്‍ നമ്പര്‍ രോഗിക്ക് നല്‍കുന്നു. രോഗി ഡോക്ടറുമായി രോഗവിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഡോക്ടര്‍ അതും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്ന് ആവശ്യമായ ചികിത്സയും മരുന്നും എന്താണ് നിര്‍ദേശിച്ചത് എന്നും ഇതില്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്ന് ഇത് ഫാര്‍മസിയിലെ കമ്പ്യൂട്ടറിലേക്ക് അയക്കുന്നു. അവിടെ പരിചയ സമ്പന്ന നായ ഫാര്‍മസിസ്റ്റ് ഇത് പരിശോധിച്ചു മരുന്നും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നു. ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നുകളുടെ അളവിലോ, രാസ പദാര്‍ഥങ്ങളിലോ, കഴിക്കേണ്ട സമയ ക്രമത്തിലോ എന്തെങ്കിലും അപകതയുണ്ടെങ്കില്‍ കണ്ടെത്തുകയും ഡോക്ടറുമായി സംസാരിച്ചു അത് തിരുത്തുകയും ചെയ്യുന്നു. തന്മൂലം രോഗിക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും മരുന്നും ലഭിക്കാന്‍ ഇത് സഹായകമാകുന്നു. എന്നാല്‍ ഇപ്പോള്‍ എഴുതി നല്‍കുന്ന മരുന്ന് കുറിപ്പടകളില്‍ രോഗിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടാകാറില്ല. തന്മൂലം കൊടുക്കുന്ന മരുന്നുകള്‍ എല്ലാം രോഗിക്ക് വേണ്ടതാണോ കൃത്യമായ അളവിലാണോ സമയ ക്രമത്തിലാണോ എന്നൊന്നും തിരി ച്ചറിയാന്‍ പലപ്പോഴും ഫാര്‍മസിസ്റ്റിനു കഴിയാറില്ല. പ്രത്യേകിച്ച് വയസ്സും തൂക്കവും പോലും രേഖപ്പെടുത്താത്ത കുറിപ്പടികളില്‍. അതുമൂലം കഴിക്കുന്ന മരുന്നുകള്‍ പലതും മറ്റു അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണവുമാകുന്നു.

ഇ-പ്രെസ്‌ക്രിപ്ഷന്‍ നടപ്പിലാക്കിയാല്‍ മരുന്ന് കുറിപ്പടികള്‍ 5 വര്‍ഷം സൂക്ഷിച്ചു വെക്കണം എന്ന ഫാര്‍മസി കൗണ്‍സില്‍ നിര്‍ദേശം നടപ്പിലാക്കാനും എളുപ്പമാണ്. ഇപ്രകാരം കുറിപ്പടികള്‍ സൂക്ഷിക്കപ്പെടുന്നത് ഉപഭോക്താവിന് ഗുണകരമാണ്. കാരണം ചികിത്സയുടെ ഭാഗമായി എന്തെങ്കിലും മരുന്ന് കഴിച്ചു കുറച്ചു നാള്‍ കഴിഞ്ഞു ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റെന്തെങ്കിലും പ്രയാസങ്ങളോ ഉണ്ടായാല്‍ അതിനു കാരണമായ മരുന്ന് എന്താണെന്നും അത് എഴുതിയ ഡോക്ടര്‍ ആരാണ് എന്നും ആ മരുന്ന് ഉല്‍പാദിപ്പിച്ച കമ്പനി ഏതാണെന്നും കണ്ടെത്താനും നഷ്ടപരിഹാരം അടക്കം ഉള്ള നിയമ നടപടികള്‍ സ്വീകരിക്കാനും ഉപഭോക്താവിന് സാധിക്കുന്നു. (ഇതിനു വേണ്ടിയാണ് വിദേശ രാജ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ എല്ലാം വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തി സൂക്ഷിക്കുന്നത്. അതിന്റെ ഭാഗമാണ് നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ എന്ന തൊഴില്‍ പോലും) ഇപ്രകാരം ഒരു സംവിധാനം നിലവില്‍ വന്നാല്‍ മരുന്ന് കമ്പനികളുടെ കമീഷന്‍ വാങ്ങി മരുന്ന് എഴുതുന്ന പ്രവണത ഡോക്ടര്‍മാര്‍ക്ക് നിറുത്തേണ്ടതായി വരും. എഴുതി നല്‍കിയ മരുന്ന് കഴിച്ചിട്ട് ഗുണമില്ല എന്ന് തോന്നിയാല്‍ രോഗിക്ക് ചോദ്യം ചെയ്യാന്‍ കഴിയും. അനാവശ്യമായ പരിശോധനകള്‍ ഇല്ലാതാകും. മരുന്ന് കമ്പനികളും ഗുണ നിലവാരമുള്ള മരുന്നുകള്‍ വിപണിയില്‍ എത്തിക്കാന്‍ നിര്‍ബന്ധിതരായി തീരും.

കേരളത്തില്‍ ഇത് നടപ്പിലാക്കാന്‍ വളരെ എളുപ്പമാണ്.. കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ ലഭ്യം.. ഇന്റര്‍നെറ്റ് ലഭ്യത എല്ലായിടത്തും സുലഭം. ഉയര്‍ന്ന സാക്ഷരത നിലവാരവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഡിജിറ്റല്‍ രംഗത്തെ മെച്ചപ്പെട്ട സേവനങ്ങള്‍, കാര്യക്ഷമത, ഭൂമി ശാസ്ത്രപരമായി വിസ്തൃതി കുറഞ്ഞ ഒരു സംസ്ഥാനം. എല്ലായിടത്തും എത്തിപ്പെടാന്‍ വളരെ എളുപ്പം. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സജീവമായ ആരോഗ്യ സേവന കേന്ദ്രങ്ങള്‍. ഇവ തമ്മില്‍ ബന്ധിപ്പിക്കാനും കാര്യങ്ങള്‍ ഭംഗിയായി ഒരു ചങ്ങലയില്‍ എന്നവണ്ണം നടത്താനും വളരെ എളുപ്പം. മാത്രമല്ല കൂടുതല്‍ കാര്യക്ഷമയും ഉത്തരവാദിത്വവും ഈ രംഗത്ത് സംജാതമാകുകയും ചെയ്യും.

ഇ ഹെല്‍ത്ത് കേരള പ്രൊജക്റ്റ് എന്ന പേരില്‍ കേവലം രോഗിക്ക് ഓണ്‍ലൈന്‍ ആയി പേര് രാജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനം മാത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം. അതിനും അക്ഷയ കേന്ദ്രത്തെ സമീപിക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്കുണ്ടാകുക. ജനോപകരപ്രധമായ രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.

ഇ-പ്രെസ്‌ക്രിപ്ഷന്‍ എങ്ങനെ നടപ്പിലാക്കാം..
ഇപ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും തന്നെ ആധാര്‍ നമ്പര്‍ ഉണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രത്യേക കോഡ് നമ്പര്‍ ആയി ആധാര്‍ ഉപയോഗിച്ചാല്‍ നാം എവിടെയാണെങ്കിലും അത്യാവശ്യ സമയങ്ങളില്‍ വൈദ്യസഹായം ലഭിക്കാന്‍ ഏറ്റവും ഉചിതമായ രീതിയില്‍ ലഭിക്കാന്‍ ഈ നമ്പര്‍ സഹായകമാകും. കാരണം ഡോക്ടര്‍ക്ക് ഇതില്‍ നിന്നും നമ്മുടെ നേരത്തെയുള്ള ചികിത്സ രേഖകള്‍ നോക്കി ആവശ്യമായ ചികിത്സ നിര്‍ണ്ണയിക്കാന്‍ എളുപ്പം കഴിയും .

ഇപ്രകാരം ഒരു സംവിധാനം നിലവില്‍ വന്നാല്‍ രോഗിക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതോടൊപ്പം തന്നെ ഇത് ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്നത് കൊണ്ട് മരുന്ന് എടുക്കാന്‍ മറന്നു പോയാലും രാജ്യത്തു എവിടെ നിന്നും അടുത്തുള്ള ഫാര്‍മസിയില്‍ നിന്നും പതിവായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് തന്നെ വാങ്ങാന്‍ കഴിയും. ഫാര്‍മസിസ്റ്റിനും ഇത് ഏറെ സഹായകമാകും, കാരണം ഇപ്പോള്‍ പലരും വന്നു പച്ച ഗുളിക, മഞ്ഞ വട്ടത്തിലുള്ള ഗുളിക എന്നിങ്ങനെ വിശേഷണങ്ങളോടെയാണ് മരുന്നു ചോദിക്കുക. ഇത് പലപ്പോഴും മരുന്ന് മാറാനും കാരണമാകും.

presഅനാവശ്യമായ ചികിത്സകളും പരിസോധനകളും വളരെയേറെ കുറക്കാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ ഓരോ ഡോക്ടറെ കാണുമ്പോഴും നിരവധി പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെടുന്നു. ഈ സംവിധാനം നിലവില്‍ വന്നാല്‍ വലിയൊരളവില്‍ ഇതിനു പരിഹാരം ഉണ്ടാകും. രോഗിക്ക് സാമ്പത്തിക നേട്ടവും. ഡോക്ടര്‍ക്കും ഫാര്‍മസിസ്റ്റിനും മരുന്നുകള്‍ സംബന്ധമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഉടനടി പരിഹരിക്കാനും കഴിയും.
ഉദാ: അമിത അളവിലോ ആവശ്യമില്ലാത്ത ചെരുവകകളുമായോ മരുന്ന് കുറിച്ച് നല്‍കാന്‍ ഇടയാകുക, ചില മരുന്നുകള്‍ ഒന്നിച്ചു കഴിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്തി മാറ്റം വരുത്തുക. മരുന്നുകള്‍ കഴിക്കുന്നതിനു നിര്‍ദേശിച്ച സമയ ക്രമത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ പരിഹരിക്കുക. തുടങ്ങി പലതും.

കുട്ടികള്‍, വൃദ്ധന്മാര്‍, മുലയൂട്ടുന്ന അമ്മമാര്‍, ഹൃദ്രോഗികള്‍, വൃക്ക സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങി സവിശേഷ ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സയിലോ മരുന്ന് അളവിലോ എന്തെങ്കിലും ഏറ്റ കുറച്ചിലോ വ്യത്യാസമോ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുന്നു. ലാബോറട്ടറി പരിശോധനകളുടെയും മറ്റും രേഖകള്‍ ഇതിന്റെ കൂടെ സൂക്ഷിക്കാന്‍ കഴിയുന്നത് മൂലം ചികിസ കൂടുതല്‍ സുതാര്യമാകുന്നു. ആവശ്യമുള്ള രോഗികള്‍ക്ക് ഇവയെല്ലാം കോപ്പി ചെയ്തു കൊടുക്കാനും സാധിക്കും.

മരുന്നുമായും ചികിസയുമായും ബന്ധപ്പെട്ട ചിലവുകളും ഇതുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇത് രോഗിക്ക് സംശയ നിവാരണത്തിനും കൂടുതല്‍ കരുതലോടെ ചികിസയെ സമീപിക്കാനും കഴിയും ഒപ്പം രോഗിക്ക് ആവശ്യമായ കൗണ്‍സിലിങ്ങും സമാശ്വാസവും നല്‍കാന്‍ ഫാര്‍മസിസ്റ്റിനു കഴിയുകയും അത് രോഗിയുടെ ആത്മവീര്യം കൂട്ടാന്‍ സഹായകമാകുകയും ചെയ്യും.

കേരള ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/e-pres-cription-kerala-medicin/">
Twitter
SHARE7
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം