ഘര്‍വാപസിക്കായി കടുത്ത സമ്മര്‍ദ്ദം; പുണ്യമാസത്തില്‍ മനം പതറാതെ ഹാദിയ

Friday June 9th, 2017
2

കൊച്ചി: പൂര്‍വമതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ആസൂത്രിത നീക്കത്തിനിടയിലും മനം പതറാതെ ഹാദിയ. തനിക്ക് ഇഷ്ടമുളള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിതചര്യകള്‍ പിന്തുടരാനും ഭരണഘാടനാനുസൃതമായ അവകാശമുളള നാട്ടില്‍ നിയമസംഹിതകളെ വെല്ലുവിളിച്ച് ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ഘര്‍വാപസി ശ്രമത്തിനിടയിലാണ് പുണ്യമാസത്തിന്റെ കരുത്തില്‍ ഹാദിയ പതറാതെ മുന്നേറുന്നത്.

കോട്ടയം വൈക്കം ടി.വിപുരം ദേവീകൃപയില്‍ അശോകന്‍റെ മകള്‍ അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാമിക ദര്‍ശനങ്ങളില്‍ ഉള്‍ക്കൊണ്ടതും കൊല്ലം ചന്ദനത്തോപ്പിലെ ഷെഫിന്‍ ജഹാനെ ഇസ്ലാമിക നിയമാനുസൃതം ഭരണഘടന അനുവദിക്കുന്നതനുസരിച്ച് വിവാഹിതരായതും, ആ വിവാഹം ഹൈക്കോടതി ഇടപെട്ട് റദ്ദ് ചെയ്തതുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഹാദിയയെ പോലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആര്‍ക്കും ഹാദിയയേയോ, മറ്റ് കുടുംബാംഗങ്ങളേയോ കാണാന്‍ അനുമതിയില്ല. അതെ സമയം, സംഘപരിവാര്‍ നേതാക്കള്‍ ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശിക്കുന്നതും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതും നിത്യസംഭവമാണ്. സംഘപരിവാര്‍ സംഘടനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് ടീം പലതവണകളായി വൈക്കത്തെ വീട്ടിലെത്തുകയും, കൗണ്‍സിലിംഗ് എന്ന പേരില്‍, വീണ്ടും ഹിന്ദുമതം സ്വീകരിക്കാന്‍ ഹാദിയയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്.

പ്രീണനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങളും വഴങ്ങാതെ വരുമ്പോള്‍, പീഡനമേല്‍പ്പിച്ചും മാനസികമായി തകര്‍ത്തുകൊണ്ടുമുളള കൗണ്‍സിലിംഗ് രീതിയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കുകയോ ഇതര മതങ്ങള്‍ സ്വീകരിക്കുകയോ, ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്താല്‍, അവരെ ഭീഷണിപ്പെടുത്തിയും, കായികമായി കടന്നാക്രമിച്ചും നിര്‍ബന്ധിത ഘര്‍വാപസി നടത്തിയതായി ഏറെ വാര്‍ത്തകള്‍ വന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏകാന്ത തടവിലിട്ടും, മയക്കുമരുന്നുകള്‍ കുത്തിവെച്ച് ഓര്‍മ്മ മരവിപ്പിച്ചും ശാരീരിക പീഡനങ്ങള്‍ നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് പുറത്തു വന്നിരുന്നത്. ഡല്‍ഹിയിലെ കോബ്രാ പോസ്റ്റും, ഗുലൈല്‍ ഡോട്ട്‌കോമും സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ ഇത്തരം കാഴ്ചകള്‍ പുറം ലോകത്തെത്തിച്ചിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടിയ പീഡനങ്ങള്‍ വഴി ഘര്‍വാപസി നടത്തുന്ന സംഘപരിവാര സംഘടനകള്‍ കേരളത്തിലും വേരുറപ്പിക്കുന്നതായി സൂചനയുണ്ട്. കേരളത്തില്‍ കാസര്‍ഗോട്ടും, എറണാകുളത്തും ഈ വിധത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. മതപഠനവും ആധ്യാത്മിക സന്ദേശങ്ങളും വ്യാപിപ്പിക്കല്‍, നിയമസഹായം നല്‍കല്‍, യോഗ, ധ്യാനം മുതലായവ പ്രചരിപ്പിക്കല്‍, കൗണ്‍സിലിംഗ് തുടങ്ങി പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നുന്ന വിധത്തിലുളള പ്രവര്‍ത്തനങ്ങളാണ് സംഘങ്ങള്‍ നടത്താറുള്ളതത്രെ. വീട്ടുകാരുടെ വിശ്വാസമാര്‍ജ്ജിച്ച ശേഷം, നിര്‍ബന്ധിത കൗണ്‍സിലിംഗിനും പ്രാര്‍ത്ഥനകള്‍ക്കും വിധേയമാക്കിയിട്ടും, സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവരെ, ശക്തമായ മയക്കുമരുന്നിന് അടിമകളാക്കി മാനസികാവസ്ഥ തകരാറിലാക്കുകയാണ് സംഘത്തിന്റെ രീതി. ഹാദിയയെ ഘര്‍വാപസി നടത്താന്‍ ഇത്തരത്തിലുള്ള സംഘങ്ങളെ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ശക്തമായ പോലീസ് ബന്തവസ്സിലും, സംഘപരിവാര്‍ നേതാക്കള്‍ക്ക് അഖില(ഹാദിയ)യുടെ വീട്ടില്‍ പ്രവേശിക്കാനും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത് ഇക്കാര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംഘപരിവാര്‍ നേതാക്കളുടെ നിര്‍ദേശപ്രകാരം സ്ത്രീകള്‍ അടക്കമുളള കൗണ്‍സിലിംഗ് സംഘം പലതവണ ഹാദിയ സന്ദര്‍ശിച്ചതായാണറിയുന്നത്.

അതെ സമയം, കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും ഹാദിയയുടെ മനസ്സിനെ സ്വാധീനിക്കാനായിട്ടില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകി, ഖുര്‍ആന്‍ പാരായണവുമായാണ് ഹാദിയ ദിനരാത്രങ്ങള്‍ പിന്നിടുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ ഏത് നേരവും തനിക്ക് നേരെ ഒരു സിറിഞ്ച് ഉയര്‍ന്നു വരുമെന്നും, അത് തന്റെ മസ്തിഷ്‌കത്തെ അടിമുടി ഉലച്ചുകളയുമെന്നും ഒരു ഡോക്ടര്‍ കൂടിയായ ഹാദിയ ഭയപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഹോസ്റ്റലില്‍ നിന്ന് നിര്‍ബന്ധിച്ച് വീട്ടിലേക്കു മാറ്റാനുളള അധികൃത നീക്കത്തിനെതിരെ ഹാദിയ പ്രതികരിച്ചത്. ഭീകരാന്തരീക്ഷമുണ്ടാക്കുന്ന വിധത്തിലുളള കനത്ത പോലീസ് ബന്തവസ്സാണ് ഹാദിയയുടെ വീടിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടും പരിസരവും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

വീട്ടിലേക്കുളള വഴി തിരിയുന്നതിനു മുമ്പെ ആര്‍.എസ്.എസ് സംഘത്തിന്റെ നിരീക്ഷണവും ചോദ്യം ചെയ്യലുമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വരുന്നത്. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന കാഴ്ചകളാണ് വൈക്കം ടി.വി പുരത്തെ ഹാദിയയുടെ വീട്ടു പരിസരത്ത് കാണുന്നത്. തങ്ങളുടെ കൗണ്‍സിലിംഗ് തന്ത്രങ്ങള്‍ക്കു വഴങ്ങി, വീണ്ടും ഹൈന്ദവ മതം സ്വീകരിച്ചില്ലെങ്കില്‍ ആക്രമണ രീതിയിലൂടെ ഹാദിയയെ നിര്‍ബന്ധിത ഘര്‍വാപസി നടത്താനുളള ഗൂഢശ്രമമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നതെന്നന്നും ഇതിനായാണ് ദുരൂഹതകള്‍ ഉയര്‍ത്തുന്ന നീക്കങ്ങളെന്നുമാണ് സൂചന.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/dr-hadiya-mind-power">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം