തമിഴ്‌നാട് ‘അമ്മ’യില്‍ നിന്ന് ‘ചിന്നമ്മ’യിലേക്ക്

Monday February 6th, 2017
2

ജയലളിതയുടെ മരണം അടക്കം നിരവധി വിഷയങ്ങളില്‍ ആരോപണങ്ങള്‍ നിലനില്‍ക്കെ പുരട്ച്ചി തലൈവിയുടെ പിന്‍ഗാമിയായി അണ്ണാ ഡി.എം.കെയിലും മുഖ്യമന്ത്രി പദത്തിലേക്കും ശശികല നടരാജന്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ജെല്ലിക്കെട്ട്, അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പനീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നതും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുന്നതും ശശികല ഭയപ്പെട്ടിരുന്നു. സമയം നീട്ടിക്കൊണ്ടു പോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കണമെന്ന ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ നല്‍കിയ ഉപദേശമാണ് ഭരണം കൈപിടിയിലൊതുക്കാനുള്ള ശശികലയുടെ നീക്കം വേഗത്തിലാക്കിയത്.

1956 ജനുവരി 29ന് തിരുവാരൂര്‍ ജില്ലയിലെ തിരുത്തുരൈ പൂണ്ടിയില്‍ വിവേകാനന്ദത്തിന്റെയും കൃഷ്ണവേണിയുടെയും ആറു മക്കളില്‍ ഒരുവളായി ശശികല ജനിച്ചു. മന്നാര്‍ഗുഡി ഗ്രാമത്തിലേക്ക് കുടിയേറിയ ശശികലയുടെ ജീവിതം നാടകീയതകള്‍ നിറഞ്ഞതാണ്. പിന്നീട് ഇവര്‍ അറിയപ്പെട്ടതും ‘മന്നാര്‍ഗുഡി മാഫിയ’ എന്ന പേരിലാണ്. എം.ജി.ആറിന്റെ കാലത്ത് സര്‍ക്കാര്‍ പി.ആര്‍.ഒ ആയിരുന്ന എം. നടരാജന്‍ എന്ന ഡി.എം.കെ പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ജീവിത പ്രാരബ്ധങ്ങളുമായാണ് ചെന്നൈയിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. ഉള്ള സ്വര്‍ണം പണയം വെച്ചാണ് നാലുകൊല്ലം കഴിഞ്ഞത്. 1980ല്‍ നടരാജന്‍ ജോലിയില്‍ തിരികെയെത്തി. കുടുംബ വരുമാനം ഉറപ്പുവരുത്താന്‍ ശശികല കല്യാണത്തിന്റെയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുക്കുന്ന പാര്‍ലര്‍ തുടങ്ങി. നടരാജന്റെ അപേക്ഷയനുസരിച്ച് ആര്‍ക്കോട്ട് ജില്ല കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തി. ജയലളിതയുടെ പ്രചാരണ, പ്രസംഗ വിഡിയോകള്‍ പകര്‍ത്തുന്ന അനുമതി നേടിയെടുത്ത ശശികല സാവധാനം ജയലളിതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരിയും ഉറ്റതോഴിയുമായി മാറി. ഇതിനിടെ ജയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എം.ജി.ആര്‍ നിയോഗിച്ച ചാരവനിത എന്ന് പഴിയും കേട്ടിട്ടുണ്ട്.

പാര്‍ട്ടി അണികളായ തമിഴ് മക്കള്‍ക്ക് ശശികലയും കുടുംബവും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ദുര്‍മന്ത്രവാദികളുടെ സംഘമാണ്. അരുതായ്മകളിലേക്കും അഴിമതിയിലേക്കും വലിച്ചിഴച്ച് പുരട്ച്ചി തലൈവിയെ ജയില്‍ അഴികള്‍ക്കുള്ളിലെത്തിച്ചവള്‍, അമ്മയെ തെറ്റായ വഴിക്ക് നയിച്ചവള്‍, അമ്മക്ക് ചുറ്റും ഇരുമ്പുമറ സൃഷ്ടിച്ചവള്‍, സാധാരണക്കാരില്‍ നിന്ന് അമ്മയെ അകറ്റിയവള്‍, അവസാനം ‘അമ്മ’യുടെ ദുരൂഹമായ മരണവും ശശികലയെ ചൂഴ്ന്നു നില്‍ക്കുന്നു. ജയലളിതയുടെ കാലത്ത് ശശികലയോ മറ്റ് കുടുംബാംഗങ്ങളോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

റിയല്‍ എസ്‌റ്റേറ്റ് രാഷ്ട്രീയ മാഫിയ ബന്ധമുള്ള മണ്ണാര്‍ഗുഡി മാഫിയയുടെ പ്രധാനിയായ ശശികലയുടെ ഭര്‍ത്താവ് നടരാജനെ ജയലളിത പ്രത്യേകം അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ജയയുടെ നിര്യാണത്തോടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ നടരാജന്‍ തിരുച്ചിറപ്പള്ളിയിലും തഞ്ചാവൂരിലും പാര്‍ട്ടി സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഈയിടെ പങ്കെടുത്തിരുന്നു. ജയലളിതയുടെ മരണശേഷം നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അണ്ണാ ഡി.എം.കെ ഭാരവാഹികള്‍ കൂട്ടമായി ശശികലക്കു മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന കാഴ്ചകള്‍ രാജ്യം കണ്ടിരുന്നു. ശശികല എന്ന വാതിലിലൂടെയാണ് നേതാക്കള്‍ ജയലളിതയിലേക്ക് എത്തിപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ താഴെത്തട്ടിലുള്ള നേതാക്കളുമായി വലിയ ബന്ധമാണ് ശശികലക്കുള്ളത്.

അതേസമയം, ഏപ്രിലില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാര്‍ട്ടി, ഭരണ നേതൃത്വത്തില്‍ പിടിമുറക്കുന്ന ശശികലക്ക് മുമ്പിലെ പ്രധാന വെല്ലുവിളിയാവും. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ മദ്രാസ് ഹൈകോടതിയുടെ ഇടപെടല്‍ മൂലം നീട്ടിവെക്കുകയായിരുന്നു. വാര്‍ഡ് വിഭജനത്തില്‍ സംവരണതത്ത്വം അട്ടിമറിച്ചതായി ആരോപിച്ച് ഡി.എം.കെ ഉള്‍പ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/chinnamma-amma-tamil-nadu">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം