ജി.കെ ഓര്‍മയിലേക്ക് മാഞ്ഞു

By Priya R Das|Monday March 9th, 2015
2

G karthikeyanജി കാര്‍ത്തികേയന്റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിന് നഷ്ടമായത് മാന്യനും ധിഷണാശാലിയുമായ രാഷ്ട്രീയ നേതാവിനെയാണ്. അത്യന്തം കുലീനമായ പെരുമാറ്റവും മാന്യമായ ഇടപെടലുകളുമാണ് രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ജി.കാര്‍ത്തികേയനെന്ന ജി.കെയെ വേറിട്ടു നിര്‍ത്തിയത്. ആദര്‍ശങ്ങളെ അധികാരത്തിനും ആമാശയത്തിനും വേണ്ടി ബലികഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ് പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചത്. പ്രായോഗികതയില്‍ ഊന്നുമ്പോഴും നിലപാടുകളില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. വര്‍ക്കലയില്‍ മല്‍സരിക്കേണ്ട എന്ന കെ കരുണാകരന്റെ സ്‌നേഹപൂര്‍വ്വമുള്ള മുന്നറിയിപ്പിനെ അവഗണിച്ച് സ്വന്തം നാട്ടില്‍ വോട്ടുതേടി ആദ്യതവണ പരാജയപ്പെട്ടെങ്കിലും കാലം വളര്‍ന്നതിനൊപ്പം ജനങ്ങള്‍ക്ക് ജി കാര്‍ത്തികേയനിലുള്ള വിശ്വാസവും വളര്‍ന്നു. ആര്യനാടാകട്ടെ കാര്‍ത്തികേയന് പരാജയഭീതി നല്‍കിയിട്ടേയില്ല.

ആഴത്തിലും പരപ്പിലുമുള്ള വായന സഹപ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിപ്പിച്ചു. അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നത് അവസാനഘട്ടങ്ങളില്‍ വേദനിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് പരസ്യമാക്കിയില്ലെന്ന് മാത്രമല്ല അടുത്ത സൃഹൃത്തക്കളോട് പോലും അത് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നുമില്ല. ജി കെ എന്ന ജി കാര്‍ത്തികേയന്റെ മാന്യത പ്രകടമായ നിമിഷങ്ങളായിരുന്നു അത്. സ്പീക്കര്‍ പദവി ഒഴിയാന്‍ താല്‍പര്യമുണ്ടെന്ന് പ്രഖ്യാപിച്ചതിനു ശേഷം നിരവധി അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് അദ്ദേഹത്തോട് അവസാനമായി ടെലിഫോണില്‍ സംസാരിക്കുന്നത്. ഉറച്ച തീരുമാനവും ശാന്തമായ വാക്കുകളും നിര്‍മ്മമതയും കാര്‍ത്തികേയനിലെ വ്യത്യസ്തത ഒരിക്കല്‍ കൂടി തെളിയിച്ചു തന്നു.

പുത്തന്‍ ആശയങ്ങളോടും പുതിയ സങ്കേതങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സംവേദനവും മാതൃകാപരമായിരുന്നു. എല്ലാ തുറകളിലും പെട്ടവര്‍ അദ്ദേഹത്തിന്റെ സ്‌നേഹവലയത്തിലുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരോട് ഏറെ അടുപ്പം കാണിച്ചിരുന്നയാളായിരുന്നു ജി.കെ. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോനും ജി.കെയും തമ്മിലുള്ള ബന്ധം ഔപചാരിക സൗഹൃദങ്ങള്‍ക്കുമപ്പുറമായിരുന്നു. ആദരവ് നല്‍കി ആദരവ് വാങ്ങുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. വലിയ സദസ്സിലെ പിന്‍നിരയില്‍ ഇരിക്കുന്ന പരിചയക്കാരന്റെ അടുത്തേക്ക് പോലും കണ്ടാല്‍ ചെന്നെത്തി സംസാരിക്കുന്ന നേതാവായിരുന്ന ജി.കെ ഏറെയാളുകളെയും കീഴടക്കിയത് മനസ്സുകൊണ്ടാണ്. ഏറ്റെടുത്ത പദവികളോട് ഉത്തരവാദിത്തം നിറവേറ്റിയ മനുഷ്യസ്‌നേഹിയും സത്യസന്ധനുമായ ജി കാര്‍ത്തികേയന്റെ വിയോഗം കാലമെത്തുന്നതിനു മുന്‍പുള്ള നഷ്ടമാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/9980-g-karthikeyan-go-to-memories">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം