ആബിദ് വധം: മൂന്നു പേര്‍ അറസ്റ്റില്‍

Saturday December 27th, 2014
2

Abid prakadanamകാസര്‍കോഡ്: എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് നഗര്‍ തൗഫീഖ് മന്‍സിലിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊന്ന കേസില്‍ മൂന്നു പേരെ ഡിവൈ.എസ്.പി. ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടികൂടി. ബീരന്തബയല്‍ ഉമാ നഴ്‌സിങ് ഹോമിനു സമീപത്തെ ഇലക്ട്രീഷ്യന്‍ തേജസ് (19), പാറക്കട്ട സ്വദേശിയും സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ റപ്രസന്റേറ്റീവുമായ അഭിഷേക് (20), പെയിന്റിങ് തൊഴിലാളി കൂഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റായി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേജസ് സഞ്ചരിച്ച സ്‌കൂട്ടറാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ബൈക്കുകള്‍ കൂടി കണ്ടെത്താനുണ്ടെന്നു പോലിസ് പറഞ്ഞു. കൊലപാതകത്തിന് സഹായം നല്‍കിയവരാണ് അറസ്റ്റിലായത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തില്‍ ഏഴു പേരുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ക്കു വേണ്ടി ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നു. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി ഡിവൈ.എസ്.പി. അറിയിച്ചു. കൊലപാതകം നടന്ന 22നു രാത്രി 9നു സ്‌കൂട്ടറിലെത്തിയ തേജസും അഭിഷേകും കടയില്‍ സൈനുല്‍ ആബിദ് ഉണ്ടെന്ന് ഉറപ്പിച്ച ശേഷം പ്രതികളുടെ താവളത്തിലെത്തി വിവരം കൈമാറുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. ആളു മാറാതിരിക്കാന്‍ ആബിദിന്റെ ഫോട്ടോയുമായാണ് കൊലയാളി സംഘമെത്തിയത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത ഏഴു പേരുടെയും വിവരങ്ങള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേസില്‍ പ്രതിയാക്കുമെന്നു ഡിവൈ.എസ്.പി. അറിയിച്ചു.
സംഘപരിവാരത്തിലെ പ്രൊഫഷനല്‍ ക്രിമിനല്‍ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്. കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍, നേരത്തെ ആബിദും മറ്റൊരു സംഘവുമായി ഉണ്ടായിരുന്ന നിസ്സാരമായ തര്‍ക്കത്തെ വലിച്ചിഴക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലര്‍ നീക്കം നടത്തിയിരുന്നു. ഇതനുസരിച്ച് ചൂരി ഭാഗത്തുള്ള ഏതാനും യുവാക്കളെ കൊലപാതകം നടന്ന ദിവസം പോലിസ് വീടു വളഞ്ഞു രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവര്‍ നിരപരാധികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിട്ടയക്കുകയായിരുന്നു.
പ്രതികള്‍ക്കു കുറ്റകൃത്യം നടത്താന്‍ പോലിസിലെത്തന്നെ ചിലരുടെ ഒത്താശയുണ്ടായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സി.സി.ടി.വി. കാമറ പ്രവര്‍ത്തനരഹിതമാക്കിയതും ട്രാഫിക് ഐലന്‍ഡ് പരിസരത്തെ ഒരു ട്രാവല്‍ ഏജന്‍സി ഓഫിസ് പരിസരത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറ തിരിച്ചുവച്ചതും ഇതിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. പ്രതികളെ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കുമെന്ന് പോലിസ് അറിയിച്ചു. ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞിയാണ് കേസിലെ ദൃക്‌സാക്ഷി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8467-abid-murder-3-arrested">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം