ലോകക്കപ്പ് തോല്‍വി: അര്‍ജന്റീനയില്‍ വ്യാപക അക്രമം

Tuesday July 15th, 2014
2

Argentina clashബ്യൂണസ് അയേഴ്‌സ്: ജര്‍മന്‍ ജനത കിരീട നേട്ടം ഉറക്കമിളച്ച് ആഘോഷിക്കുമ്പോള്‍ വാഹനങ്ങള്‍ തകര്‍ത്തും പോലീസുകാരെ അക്രമിച്ചും രോഷം തീര്‍ക്കുകയാണ് അര്‍ജന്റീനക്കാര്‍. അവസരങ്ങള്‍ തുലച്ച് കിരീടം അടിയറവച്ച കളിക്കാരോട് അവര്‍ പൊറുക്കാന്‍ ഒരുക്കമല്ല. ചിരവൈരികളായ ബ്രസീലിന്റെ മണ്ണില്‍ മെസി കപ്പുയര്‍ത്തുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍. പക്ഷെ പാരമ്പര്യവും പ്രതിഭയും മെസിയുടെ ഇന്ദ്രജാലങ്ങളും അവരെ ചതിച്ചു. അതു പൊറുക്കാന്‍ മാത്രം സഹിഷ്ണുതയുള്ളവരല്ല അര്‍ജ്ജന്റീനക്കാര്‍. ജര്‍മനി ഫൈനലില്‍ അര്‍ജ്ജന്റീനയെ ഒരു ഗോളിന് തകര്‍ത്ത് കപ്പുയര്‍ത്തിയ ഉടന്‍ അവര്‍ മാരകായുധങ്ങളുമായി തെരുവിലിറങ്ങി. കണ്ണില്‍ക്കണ്ടതെല്ലാം തച്ചുതകര്‍ത്തും പോലീസുകാരെ അക്രമിച്ചും അവര്‍ അഴിഞ്ഞാടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന കലാപത്തില്‍ പതിനഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു. നാല്‍പതോളം അക്രമികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. നിരവധിവാഹനങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഇതുവരെ ദൈവമായി അവര്‍ കൊണ്ടാടിയിരുന്ന മെസിയുടെ കട്ടൗട്ടുകളേയും വെറുതേവിട്ടില്ല. അവ കുത്തിക്കീറി അഗ്‌നിക്കിരയാക്കി. നാട്ടിലെ പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ വിവാദങ്ങള്‍ എന്നിവ മാറ്റിവച്ച് മാധ്യമങ്ങള്‍ കുറേനാളായി ലോകകപ്പിനുവേണ്ടി പേജുകള്‍ മാറ്റിവയ്ക്കുകയായിരുന്നു. പ്രകോപനപരമായ റിപ്പോര്‍ട്ടുകളും ആരാധകരെ ഇളക്കിവിടുന്നതിന് കാരണമായി. പ്രശസ്തമായ ഒളിമ്പ്ക് സ്മാരകത്തിലാണ് ആരാധകര്‍ ഫൈനല്‍ കാണാന്‍ ഒത്തുകൂടിയത്. അവസാന വിസില്‍ മുഴങ്ങിയതോടെ ആരാധകരുടെ നിലവിട്ടു. പോലീസുകാര്‍ക്കെതിരെ നിലയ്ക്കാത്ത കല്ലേറായിരുന്നു. ആദ്യം അവര്‍ ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ജനം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/5177-world-cup-loss-argentina-clash">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം