ബലിദാനി ഫണ്ടിലും വെട്ടിപ്പ്; കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാക്കള്‍ കോടികള്‍ തട്ടി

Thursday July 27th, 2017
2

കണ്ണൂര്‍: കണ്ണൂരിലെ ബലിദാനികള്‍ക്കുവേണ്ടി സ്വരൂപിക്കപ്പെടുന്ന ഫണ്ട് അടിച്ചു മാറ്റി കോടീശ്വരന്മാരായവരാണ് ആര്‍എസ്എസ് നേതാക്കള്‍ എന്ന് മുന്‍ ബിജെപി നേതാവ് ഒ കെ വാസു വെളിപ്പെടുത്തിയതായി നാരദാ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുടെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി കോളേജിന് വേണ്ടി ബലിദാനി ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചിട്ടുണ്ടെന്നും ക്രിമിനല്‍ ശക്തി ഉപയോഗിച്ച് ആര്‍എസ്എസ് നേതാക്കള്‍ കോടിക്കണക്കിനു രൂപ ഗുണ്ടാപിരിവ് നടത്തുന്നതായും ഒ കെ വാസു വെളിപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡിസിസി സെക്രട്ടറിയായ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം ആര്‍എസ്എസ് ക്രിമിനലുകള്‍ തടയുകയും പ്രവര്‍ത്തിക്കാനനുവദിക്കുകയില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കണ്ണൂര്‍ കാര്യാലയത്തിലെത്തിയ തങ്കച്ചനോട് മൂന്നുകോടി രൂപയാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഈ വിവരം പുറത്തറിയുകയും ചര്‍ച്ചയാവുകയും ചെയ്തതിനാല്‍ ആര്‍എസ്എസ് നേതാക്കള്‍ പിന്മാറുകയായിരുന്നുവത്രെ. കണ്ണൂരിലെ ബലിദാനികളുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തും ആര്‍എസ്എസ് വലിയ പിരിവാണ് നടത്തുന്നത്. ‘ഹിന്ദു സേവാ സംഘ്’ എന്ന പേരിലാണ് വിദേശത്തെ ആര്‍എസ്എസ് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ സജീവ സാന്നിധ്യമായ ഈ സംഘടന വഴി ബലിദാനി ഫണ്ടിലേക്ക് കണക്കില്ലാത്ത തുകയാണ് എത്തുന്നത്. ഈ പണം കൈകാര്യം ചെയ്യുന്നതും ചെലവഴിക്കുന്നതും ആര്‍എസ്എസ് നേതാക്കളാണ്. ഇത് സംബന്ധിച്ച കണക്കുകള്‍ ചോദിക്കാന്‍ സംഘടനക്കകത്തുള്ളവര്‍ക്കുപോലും ഭയമാണെന്നും വാസു വെളിപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയന്നു.

ബലിദാനി ഫണ്ട് തിരിമറിക്ക് മികച്ച ഉദാഹരണം കൊല്ലപ്പെട്ട വിഎച്ച്പി നേതാവ് അശ്വിനികുമാറുമായി ബന്ധപ്പെട്ട ഫണ്ട് പിരിവാണെന്നു ഒ കെ വാസു വ്യക്തമാക്കി. പട്ടാപ്പകല്‍ ബസ്സില്‍ വച്ച് കൊല്ലപ്പെട്ട അശ്വിനികുമാറിന് വേണ്ടി ആര്‍എസ്എസ് വലിയ പിരിവാണ് നടത്തിയത്. എന്നാല്‍ ദരിദ്ര കര്‍ഷക തൊഴിലാളിയുടെ മകനായ അശ്വിനിക്കു വേണ്ടി അതില്‍ നിന്നും യാതൊന്നും ചെലവഴിച്ചില്ല. പിന്നീട് ഇത് വിവാദമായപ്പോഴാണ് അശ്വിനിയുടെ കുടുംബത്തിന് വേണ്ടി ചെറിയൊരു തുക ചെലവാക്കാന്‍ നേതൃത്വം തയ്യാറാവുന്നത്. അശ്വിനി കുമാര്‍ കൊല്ലപ്പെട്ടിട്ട് ദശാബ്ദങ്ങള്‍ കഴിയുമ്പോഴും കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. ഒരിക്കല്‍ ബലിദാന ദിനത്തില്‍ അശ്വിനിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ നേതാക്കളോട് അശ്വിനിയുടെ പിതാവ് നിങ്ങള്‍ ഇവിടെ കയറരുത് എന്ന് പറഞ്ഞിരുന്നതായും ഒ കെ വാസു വെളിപ്പെടുത്തുന്നു. അശ്വിനികുമാറിന് വേണ്ടി പണം പിരിച്ചത് വത്സന്‍ തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ള ശങ്കരന്‍ പുന്നാട് എന്ന ആര്‍എസ്എസ് നേതാവാണ്. ഫണ്ട് പിരിവിനു ശേഷം ശങ്കരന്‍ പുന്നാട് സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കി. കൂടാതെ തൊണ്ണൂറു സെന്റ് റബ്ബര്‍ തോട്ടവും വാങ്ങിയതായി ഒ കെ വാസു ആരോപിക്കുന്നു.

ജില്ലയില്‍ അക്രമം നടത്താനും കേസുകളില്‍ പ്രതികളായ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കേസ് നടത്താനും ആര്‍എസ്എസ് വലിയ തുകകള്‍ ചെലവഴിക്കുന്നുണ്ട്. ഇതിലും വലിയ തിരിമറിയാണ് നടക്കുന്നത്. കേസുകളില്‍ ഹാജരാവാനായി കോടതിയില്‍ പോകുന്ന പ്രതികള്‍ക്ക് യാത്രാപ്പടി നല്‍കണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. എന്നാല്‍ ഇതൊന്നും ആര്‍ക്കും നല്‍കാറില്ല. കേസ് നടത്തിപ്പ് ചുമതലയുള്ള ആര്‍എസ്എസ് നേതാക്കളെല്ലാവരും സമ്പന്നന്മാരായി മാറിയിട്ടുണ്ടെന്നും ഒ കെ വാസു പറഞ്ഞു. നേരത്തെ ഈ ചുമതലയിലുണ്ടായിരുന്ന തലശേരി സ്വദേശിയായ അജയന്‍ കോടീശ്വരനായി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഔഷധിയുടെ വില്‍പന കേന്ദ്രമുണ്ട്, നിരവധി കാറുകളും സ്വന്തമായുണ്ട്. ഇയാളിപ്പോള്‍ മലപ്പുറത്താണ് സ്ഥിരതാമസം.
കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളുടെയും കേസ് നടത്തിപ്പിന്റെയും ചുമതല ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് ശശിക്കാണ്. 1978ല്‍ രാജു മാസ്റ്ററെ കൊലപ്പെടുത്തിക്കൊണ്ടാണ് ശശി ആര്‍എസ്എസ് നേതൃത്വത്തിലേക്ക് വരുന്നത്. ശശിക്ക് ഇപ്പോള്‍ സ്വന്തമായി വലിയ വീടും ബംഗളുരുവില്‍ ബേക്കറിയുമുണ്ട്. ഇതുകൂടാതെ വന്‍കിട കരിങ്കല്‍ ക്വാറികളില്‍ ഓഹരിയുമുണ്ടെന്നു വാസു പറയുന്നു. വത്സന്‍ തില്ലങ്കേരി, കൊളശേരി സുരേഷ് ബാബു, ശശി എന്നിവരാണ് ഇത്തരം ഫണ്ടുകളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും വാസു വെളിപ്പെടുത്തുന്നു. ഇപ്പോഴും കണ്ണൂരില്‍ ബിജെപിക്ക് സ്വന്തമായി ജില്ലാ കമ്മിറ്റി ഓഫീസ് ഇല്ല. ജില്ലാ ഓഫിസ് നിര്‍മിക്കാനായി വാങ്ങിയ ഭൂമി മറിച്ച് വില്‍ക്കുകയും ഫണ്ട് സംബന്ധിച്ച കണക്കുകള്‍ സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യാത്തതും അഴിമതിയാണ്. കാലാകാലമായി തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വോട്ട് മറിച്ച് നല്‍കുന്നത് പണം വാങ്ങിയാണെന്നും ഒ കെ വാസു വെളിപ്പെടുത്തിയതായി നാരദാന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18601-financial-fraud-rss-leaders">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം