കുഴഞ്ഞു മറിഞ്ഞ് ഫസല്‍ വധക്കേസ്; സി.പി.എം-ബി.ജെ.പി പോര് മുറുകുന്നു

Monday June 12th, 2017
2

കണ്ണൂര്‍: വെളിപ്പെടുത്തലും നിഷേധവും ആവര്‍ത്തിക്കുമ്പോള്‍ തലശ്ശേരി ഫസല്‍ വധക്കേസ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിലെ മുഖ്യകക്ഷികളായ സി.പി.എം-ബി.ജെ.പി പോരില്‍ ചൂടേറിയ തര്‍ക്കമായിമാറിയിരിക്കുകയാണ്.

കേസ് അട്ടിമറിക്കാനും സുബീഷിനെ ഫസല്‍ കേസില്‍ പ്രതി ചേര്‍ക്കാനുമുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെയും കണ്ണൂരിലെ രണ്ട് ഡിവൈഎസ്പിമാരുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നീക്കമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍ ആരോപിച്ചു. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വിരോധം മൂലം സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമാണു ഫസല്‍ വധം. കോടിയേരി ബാലകൃഷ്ണന്‍ അഭ്യന്തര മന്ത്രിയായിരിക്കെ നടന്ന കൊലപാതകം അന്വേഷിച്ച പോലിസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് യഥാര്‍ഥ പ്രതികള്‍. നുണ പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് സുബീഷ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വം കാരായി രാജനെയും ചന്ദ്രശേഖരനെയും രക്ഷപ്പെടുത്താന്‍ ഏത് കുടില തന്ത്രവും പ്രയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുബീഷിന്റെ വാര്‍ത്താസമ്മേളനം ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. പോലിസില്‍ രേഖപ്പെടുത്തുന്നതിന് രണ്ടുവര്‍ഷം മുമ്പ് കുറ്റസമ്മതമൊഴി 2014 ല്‍ സുബീഷ് തന്റെ പങ്കാളിത്തം തുറന്നുസമ്മതിച്ച ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റിക്കാഡ് പുറത്തുവന്നകാര്യം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. അത് സംബന്ധിച്ചുള്ള ചോദ്യത്തിന് ആഫോണ്‍ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് സുബീഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും സിബിഐ അന്വേഷിക്കണം. പോലിസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നു പറയുന്ന സുബീഷ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഫസല്‍ സംഭവത്തിലെ ആര്‍എസ്എസ് പങ്കാളിത്തം എത്രമായ്ച്ചാലും ഇല്ലാതാവില്ല. നേതാക്കള്‍ക്കുള്ള പങ്കാളിത്തം കൂടി അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന സാഹചര്യത്തിലാണ് ഭരണസ്വാധീനം ഉപയോഗിച്ച് തുടരന്വേഷണം നടത്താതിരിക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസുകാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വവും ഒളിച്ചുകളി തുടരുകയാണ്. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

2006 ഒക്‌ടോബര്‍ എട്ടിനാണ് ഫസല്‍ കൊല്ലപ്പെട്ടത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഫസല്‍ കേസില്‍ ലോക്കല്‍ പൊലീസ് മൂന്നു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അന്ന് സി.പി.എം കാര്യമായി പ്രതികരിച്ചില്ല. ജില്ല നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പിടിക്കപ്പെട്ടതോടെയാണ് സി.പി.എം ഫസല്‍ വധക്കേസിലെ പങ്ക് നിഷേധിച്ച് ശക്തമായി രംഗത്തുവന്നത്. ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തതോടെയാണ് കാരായിമാര്‍ പ്രതികളായത്. പെരുന്നാള്‍ തലേന്ന് ഫസലിനെ കൊന്നതിലൂടെ തലശ്ശേരിയില്‍ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം. ഇത്തരമൊരു കേസില്‍ സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാകും. കാരായിമാരെ രക്ഷിക്കാന്‍ സി.പി.എം കിണഞ്ഞു ശ്രമിക്കുന്നതിന്റെ പശ്ചാത്തലം ഇതാണെന്നാണ് സുബീഷിന്റെ കുറ്റസമ്മതം അവിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, സുബീഷിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡിവൈ.എസ്.പി സി.പി.എമ്മുമായി അടുപ്പമുള്ളയാളുമാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18586-fasal-murder-case-cpm-rss">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം