ബാബരി മസ്ജിദ് ഗൂഡാലോചന; അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം

Wednesday April 19th, 2017
2

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ജസ്റ്റിസുമാരായ പി.സി ഘോഷ്, ആര്‍.എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ ആണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ കല്യാണ്‍ സിങ്ങിനെ വിചാരണ നേരിടുന്നതില്‍ നിന്ന് താല്‍കാലികമായി കോടതി ഒഴിവാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറുമ്പോള്‍ കല്യാണ്‍ സിങ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഇതോടൊപ്പം രണ്ടായി പരിഗണിച്ചിരുന്ന ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്‌നോ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ഏല്ലാ ദിവസവും ലക്‌നോ കോടതി വാദം കേല്‍ക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുന്നത് വരെ ജഡ്ജിയെ മാറ്റരുതെന്നും പരമോന്നത കോടതി ഉത്തരവിട്ടു. മസ്ജിദ് തകര്‍ക്കല്‍ കേസ് റായ്ബറേലി കോടതിയിലും ഗൂഢാലോചന കേസ് ലക്‌നോ കോടതിയുമാണ് വിചാരണ നടന്നിരുന്നത്. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പ്രതികളിലൊരാളായ ഉമാഭാരതി നിലവില്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ ജലവിഭവ മന്ത്രിയാണ്. 25 വര്‍ഷങ്ങളായി വിവിധ കോടതികളില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് സുപ്രീംകോടതി വിധിയോടെ വേഗത വന്നിരിക്കുന്നത്.

അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി സാങ്കേതിക കാരണങ്ങളുടെ പേരില്‍ റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2010 ഈ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതി വിചാരണ കോടതി വിധി ശരിവെച്ചു. പിന്നീട് വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ കുറ്റമുക്തരാക്കിയതിനെതിരെ വിയോജിപ്പുമായി സി.ബി.ഐ ഹൈകോടതിയിലും സുപ്രീംകോടതിയിലും എത്തിയത്. അദ്വാനിയെയും മറ്റും വിട്ടതിനെതിരെ മെഹ്ബൂബ് അഹ്മദ് ഹാജിയും സുപ്രീംകോടതിയില്‍ എത്തി. ഈ പരാതികളാണ് ജസ്റ്റിസ് പി.സി. ഘോഷിന്‍ന്റെ നേതൃത്വത്തിലെ ബെഞ്ച് പരിഗണിച്ചത്. അപ്പീലുമായി വൈകിയെത്തിയ സി.ബി.ഐ, സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിക്കേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. മാര്‍ച്ച് 21 കേസ് പരിഗണിച്ചപ്പോള്‍ തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ഒരിക്കല്‍ കൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് അഭിപ്രായത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് ഖെഹാര്‍ പിന്മാറി.

1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഈ സംഭവത്തില്‍ മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേര്‍ക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ആര്‍.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് പ്രധാന പ്രതികള്‍. കേസിലെ പ്രതിയായ വി.എച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. മരണപ്പെട്ടതിനെ തുടര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18552-supreme-court-about-babari-cse">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം