തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; മലപ്പുറത്ത് മീനച്ചൂടിന്റെ താപനില ഉയരും

Thursday March 9th, 2017
2

മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ മലപ്പുറത്ത് മീനച്ചൂടിന്റെ താപനില ഉയരും. മുന്‍കേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് വിള്ളല്‍ വീഴ്ത്താനുള്ള സി.പി.എം ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരിക്കല്‍ മാത്രമാണ് മലപ്പുറത്തെ സി.പി.എം കയ്യിലൊതുക്കിയത്. അവിഭക്ത മഞ്ചേരി ലോകസഭാ മണ്ഡലത്തില്‍ അന്ന് മുസ്ലിംലീഗ് നേതാവ് കെ പി എ മജീദിനെ സി.പി.എമ്മിലെ ടി കെ ഹംസ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് നടന്ന രണ്ടു തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മാറോടണച്ചത് മുസ്ലിംലീഗിന്റെ ദേശീയ അമരക്കാരന്‍ ഇ അഹമ്മദ് തന്നെയാണ്. മലപ്പുറം കോട്ടകാക്കാന്‍ ഇത്തവണ മുസ്ലിംലീഗ് രംഗത്തിറക്കുന്നത് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയെയാണെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കുഞ്ഞാലിക്കുട്ടി മല്‍സരത്തിന് സന്നദ്ധത അറിയിക്കുക കൂടി ചെയ്തതോടെ വര്‍ധിത ആവശത്തിലാണ് ലീഗ് കേന്ദ്രങ്ങള്‍. സംസ്ഥാന മന്ത്രിയായും പാര്‍ട്ടി ലീഡറായും കഴിവ് തെളിയിച്ച കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലെത്തുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതെ സമയം, ഭരണനേട്ടം പ്രചരിപ്പിച്ച് മലപ്പുറത്ത് അട്ടിമറി വിജയം നേടുമെന്നു പറയുന്ന സി.പി.എമ്മിന് പക്ഷെ, സ്ഥാനാര്‍ഥിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, കാന്തപുരം സുന്നി നേതാവും പ്രഭാഷകനുമായ സംസ്ഥാന ന്യൂനപക്ഷകമ്മിഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, വ്യവസായി നിയാസ് പുളിക്കലകത്ത് എന്നിവരുടെ പേരുകളാണ് ഇടതു സ്ഥാനാര്‍ഥികളായി ഉയര്‍ന്നു കേള്‍ക്കുന്നത്. കാന്തപുരം സുന്നി വിഭാഗത്തിന്റെ കൂടി പിന്തുണ ലഭിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മല്‍സരത്തിനാണ് സി.പി.എം കോപ്പു കൂട്ടുന്നത്. ഇതിനായുള്ള അണിയറ നീക്കങ്ങളും ചര്‍ച്ചകളും ഇടത് കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ മല്‍സരിച്ച ബി.ജെ.പി.യും ഇത്തവണയും മല്‍സര രംഗത്തുണ്ടാകും. കേന്ദ്രഭരണ നേട്ടം പ്രചരിപ്പിച്ചാണ് തിരഞ്ഞെടുപ്പില്‍ വിധി തേടുകയെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ, വെല്‍ഫയര്‍പാര്‍ട്ടി കക്ഷികളും ഉപതിരഞ്ഞെടുപ്പില്‍ ഒരു കൈനോക്കുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളും 15നകം ജില്ലാ കമ്മിറ്റികള്‍ ചേരുന്നുണ്ടെന്നാണ് സൂചന.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18468-malapuram-hac-by-election-hot-news">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം