അടിസ്ഥാന വികസനവും ജനക്ഷേമവും ലക്ഷ്യം വെക്കുന്ന ബജറ്റ്

Friday March 3rd, 2017
2

തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ഊന്നുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്നതാണ് 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ്. ആദായ നികുതി അടക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്തതുമായ 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തി. കൂടാതെ നിലവിലുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

5,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടികളും 5,628 കോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും വേണ്ടിയും 2,557 കോടി രൂപ തീരദേശ ഹൈവേക്കും 6,500 കോടി മലയോര ഹൈവേക്കും നീക്കി വെച്ചുകൊണ്ട് അടിസ്ഥാന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. വരള്‍ച്ച നേരിടാനായി കുടിവെള്ള പദ്ധതികള്‍ക്ക് 1696 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവര്‍ധനക്കും വേണ്ടി 1,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2,500 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ വകയിരുത്തി. സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യവെച്ച് ആശുപത്രികളുടെ നിലവാര വര്‍ധനക്ക് 8,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റില്‍ പറയുന്നു.

നോട്ട് നിരോധത്തെക്കുറിച്ചുള്ള എം.ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്ന വിഷയത്തില്‍ തീരുമാനം വരാത്തതിനാല്‍ നികുതി നിര്‍ദേശങ്ങളില്ലാത്ത ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.

ബജറ്റ് വിശദാംശങ്ങള്‍ അവതരണത്തിനിടെ ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നിയമസഭയില്‍ ബഹളം വെച്ചു. ബജറ്റ് സാമൂഹിക മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതേ തുടര്‍ന്ന് അല്‍പസമയം ബജറ്റ് അവതരണം തടസപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18431-kerala-budget-2017-isac">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം