ഭാവനക്ക് മഞ്ജുവാര്യരുടെ ബിഗ് സല്യൂട്ട്; കേരളം അവള്‍ക്കൊപ്പം വേണമെന്ന് ഇന്നസെന്റ്

Monday February 20th, 2017
2

കോഴിക്കോട്: യുവനടിയെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങള്‍ രംഗത്ത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ജൂഡ് ആന്റണി, മേജര്‍ രവി എന്നിവരടക്കും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഇന്നസെന്റ്…..
നമ്മിലൊരാള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. ‘അമ്മ’യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നു. ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്‌റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമോ…… അഭിപ്രായം രേഖപ്പെടുത്തൂ…

മഞ്ജുവാര്യര്‍…. (ആദ്യം ചെയ്ത പോസ്റ്റാണിത്. പിന്നീട് നടിയുടെ പേര് ഒഴിവാക്കിയ പോസ്റ്റാണ് താഴെ ഫേസ്ബുക്ക് ലിങ്കില്‍ കാണുന്നത്)
ഭാവനയെ കണ്ടു. ഇന്നലെ ഞങ്ങള്‍, അവളുടെ സുഹൃത്തുക്കള്‍ ഒരു പാട് നേരം ഒപ്പമിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും ഭാവന ധീരയായിരുന്നു. ഞങ്ങളാണ് തളര്‍ന്നു പോയത്. പക്ഷേ അവള്‍ തകര്‍ന്നില്ല. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളില്‍ ബാക്കിയുണ്ടായിരുന്നു. അത് ആര്‍ക്കും കവര്‍ന്നെടുക്കാനായിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് ഭാവനയുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു.. ഇപ്പോള്‍ നമ്മള്‍ ഭാവനയ്ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക..ചുണ്ടുവിരലുകള്‍ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും? കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ. സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഭാവന അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഭാവനയ്ക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാന്‍ അതിന് മുന്നിലുണ്ടാകും…

ദുല്‍ഖര്‍ സല്‍മാന്‍….
കൊടിയ ഒരു ആക്രമണത്തിന് വിധേയയായ ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഞാന്‍ ഇന്നലെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുക എളുപ്പമാണ്. എന്നാല്‍, ഇതില്‍ നമ്മുടെ ഉള്ളിലെ യഥാര്‍ഥവികാരം പ്രതിഫലിക്കുമോ എന്ന് സംശയമാണ്. ഈ സംഭവം ഇതിലെല്ലാം അപ്പുറത്താണ്. അതെന്നെ അസ്വസ്ഥനാക്കുകയും ഭയപ്പെടുത്തുകയും ഉള്ളുലക്കുകയും ചെയ്തുകളഞ്ഞു. നമ്മുടെ സംസ്ഥാനത്തിലും ഇവിടുത്തെ സുരക്ഷിതാവസ്ഥയിലും സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റത്തിലുമെല്ലാം അഭിമാനം കൊള്ളുന്ന ഒരാളായിരുന്നു ഞാന്‍.

ഒരൊറ്റ ദിവസം കൊണ്ട് അതെല്ലും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇവള്‍ ഒരാളുടെ മകളാണ്. ഒരാളുടെ സഹോദരിയാണ്. ആരുടെയോ ബന്ധുവാണ്. സിനിമാ പ്രേമികള്‍ക്കുവേണ്ടി എത്രയോ മനോഹരമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നവളാണ്. പൊയ്മുഖമണിഞ്ഞ് ഒളിച്ചിരിക്കുന്ന ഈ നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പൊലീസ് പിടികൂടണമെന്നാണ് എന്റെ ആഗ്രഹം. എന്റെ പ്രാര്‍ഥന. പ്രായഭേദമന്യേയുള്ള എല്ലാ പുരുഷന്മാരോടും ജാഗരൂകരാവാന്‍ അഭ്യര്‍ഥിക്കുകയാണ് ഞാന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സിനിമാ ലോകവും. സ്ത്രീകളെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും പരിചരിക്കുന്നതിലും നമുക്കെല്ലാം തുല്ല്യമായ ഉത്തരവാദിത്തമുണ്ട്.

  • നേരിടേണ്ടി വന്ന ദുരന്തം മറച്ചുവെക്കാതിരുന്ന നടിയുടെ മനക്കരുത്തിനെ അഭിനന്ദിച്ചായിരുന്നു പൃഥ്വിരാജ് പോസ്റ്റിട്ടത്.
  • ഇന്ന് നിന്റെ ധൈര്യത്താല്‍ നീ പതിവിലും സുന്ദരിയായിരിക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.
  • ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18384-actress-bhavana-case-opinion">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം