കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്ക്; മലപ്പുറം സ്ഥാനാര്‍ഥിത്വ ചര്‍ച്ച സജീവം

Wednesday February 8th, 2017
2


കോഴിക്കോട്: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുസ്‌ലിംലീഗില്‍ ചര്‍ച്ചകളും നീക്കങ്ങളും സജീവം. ഉപതിരഞ്ഞെടുപ്പിന് ആറുമാസത്തെ സാവകാശമുണ്ടെങ്കിലും പതിവിന് വിപരീതമായി ലീഗില്‍ സ്ഥാനാര്‍ഥിത്വം നേടാനുള്ള കരുനീക്കങ്ങള്‍ ഇക്കുറി നേരത്തെ തന്നെ സജീവമായിരിക്കുകയാണ്. അവസാന ദിനങ്ങളില്‍ പാണക്കാട് തങ്ങള്‍ തീരുമാനമെടുക്കുന്ന കീഴ്‌വഴക്കം ഇക്കുറി അട്ടിമറിക്കപ്പെടുമെന്നാണ് സൂചന. ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സിറാജ് സേട്ട്, അബ്ദുസ്സമദ് സമദാനി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ എന്‍ എ ഖാദര്‍, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, എം കെ മുനീര്‍ തുടങ്ങിയ പേരുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിത്വത്തിനായി ഉയര്‍ന്നു വന്നിരുന്നത്.

എന്നാല്‍ മുസ്ലിംലീഗ് ദേശിയ ഖജാന്‍ജിയും മുന്‍മന്ത്രിയും എം.എല്‍.എയുമായ പി കെ കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചു രംഗത്ത് വന്നതോടെ സമൂലമായ ഗതിമാറ്റമാണ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞിട്ടുള്ളത്. സിറാജ് സേട്ടിന് വര്‍ധിച്ച പരിഗണനയായിരുന്നു കുഞ്ഞാലിക്കുട്ടി രംഗത്ത് വരുന്നതുവരെ ഉണ്ടായിരുന്നത്. ലോക്‌സഭയിലേക്ക് യോഗ്യതകളെല്ലാം തികഞ്ഞ വ്യക്തിത്വമായാണ് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്നപ്പോള്‍ പകരക്കാരനായി സിറാജ് സേട്ടിനെ പരിഗണിച്ചിരുന്നു.

സമദാനിയുടെ രാജ്യസഭാ പ്രവര്‍ത്തന പരിചയവും ബഹുഭാഷാ നൈപുണ്യവും പരിഗണിച്ച് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ചകള്‍ ആദ്യം ഉയര്‍ന്നെങ്കിലും ഏറെയും പ്രതികൂല ഘടകങ്ങളാണ് പാര്‍ട്ടിയിലെ പല കേന്ദ്രങ്ങളും ഉയര്‍ത്തിക്കാട്ടിയത്. രാജ്യസഭയിലെ സമദാനിയുടെ ക്രിയാത്മകമല്ലാത്ത പ്രവര്‍ത്തനശൈലിയും പ്രതികൂല ഘടകമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ എന്‍ എ ഖാദറും താനൂരില്‍ പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണിയും മലപ്പുറം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നെങ്കിലും ഇരുവരും പൊതുസമ്മതരല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഈ ഘട്ടത്തിലാണ് ചില കേന്ദ്രങ്ങള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. കീഴ്‌വഴക്കങ്ങള്‍ മാറ്റി പാണക്കാട് കുടുംബത്തില്‍ നിന്നൊരാള്‍ പാര്‍ലമെന്ററി രംഗത്തേക്ക് ഉയര്‍ന്നുവരണമെന്ന ആഗ്രഹമാണ് മുനവ്വറലിയെ ചൂണ്ടിക്കാട്ടുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍, ഇകെ സുന്നി നേതൃത്വം മുനവ്വറലിയെ പിന്തുണക്കില്ലെന്ന് സൂചനയുണ്ട്. ചില കേന്ദ്രങ്ങള്‍ എം കെ മുനീറിനെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രതികൂല ഘടകങ്ങളാണ് ഏറെയും ചര്‍ച്ച ചെയ്യപ്പെടുന്നത്. മുനീര്‍ മത്സരിച്ചാല്‍ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെടില്ലെന്നാണ് പ്രധാന ആക്ഷേപം.

ഇ അഹമ്മദിനെപ്പോലെ ദേശീയ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് മുമ്പില്‍ അനന്തസാധ്യതകളുണ്ടെന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങളുടെ നിലപാട്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചാല്‍ അനായാസ വിജയമാണെന്നും അവര്‍ കരുതുന്നു. ഇ അഹമ്മദിന്റെ ഒഴിവില്‍ ലീഗ് ദേശീയ അധ്യക്ഷനായി ഖാദര്‍ മൊയ്തീന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് സേട്ട്, എം പി അബ്ദുസമദ് സമദാനി എന്നിവരെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18350-kunhali-kutty-to-national-politics">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം