തണുത്ത് വിറച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Saturday February 4th, 2017
2


ജിദ്ദ/ദുബായ്: ശക്തമായ തണുപ്പില്‍ തണുത്തു വിറയ്ക്കുകയാണ് ഗള്‍ഫ് മേഖല. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലൊക്കെ കൊടുംതണുപ്പാണിപ്പോള്‍ അനുഭവപ്പെടുന്നത്. പര്‍വത മേഖലകളില്‍ മഞ്ഞു വീഴ്ചയും അനുഭവപ്പെടുന്നുണ്ട്. പൊടിക്കാറ്റിനും മഴയ്ക്കുമൊപ്പമാണ് യുഎഇയില്‍ തണുപ്പെത്തിയത്. യുഎഇയിലെ പര്‍വത മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയായി. ദുബായ് ഗ്ലോബല്‍ വില്ലേജ് തണുപ്പ് മൂലം അടച്ചിട്ടു. റാസല്‍ഖൈമയില്‍ ജബല്‍ ജെയ്‌സ് പര്‍വത മേഖലയില്‍ താപനില മൈനസ് 2.2 ഡിഗ്രി സെല്‍ഷ്യസ് ആയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തു സെന്റിമീറ്റര്‍ വരെ കനമുള്ള മഞ്ഞുകട്ടകളാണ ഇവിടെ വീഴുന്നത്. മൂടല്‍ മഞ്ഞും പൊടിപടലവും അന്തരീക്ഷത്തിലുള്ളതു കാരണം വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ മഴയും ലഭിച്ചു. ബീച്ചില്‍ പോകുന്നവരോട് കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അജ്മാന്‍ കോര്‍ണിഷെയില്‍ മുന്‍സിപ്പാലിറ്റി പാര്‍ക്കിനു വേണ്ടി തയാറാക്കിയ സ്ഥലം കടല്‍ കയറി നശിച്ചു. ഒരു വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മനോഹരമാക്കിയ സ്ഥലമാണ് കടല്‍ കയറി നശിച്ചത്. കടല്‍ ക്ഷോഭിച്ചതിനാല്‍ കപ്പലുകള്‍ എല്ലാം കരയ്ക്ക് അടുത്തിരിക്കുകയാണ്.

സൗദിയിലും നല്ല തണുപ്പാണിപ്പോള്‍ അനുഭവപ്പെടുന്നത്. ശൈത്യം കാരണം അവധി ദിവസമായ വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഉത്തര, ദക്ഷിണ മേഖലകള്‍ ഉള്‍പ്പെടെ പല പ്രവിശ്യകളിലും അതിശക്തമായ തണുപ്പില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അതികഠിനമായ തണുപ്പ് രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. പല സ്ഥലങ്ങളിലും തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് വരെ എത്തിയതിനാല്‍ മഞ്ഞു വീഴ്ചയും ഉണ്ടായിട്ടുണ്ട്. വെള്ളം കട്ട പിടിച്ചതിനാല്‍ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നു പല റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കുവൈത്തിലെ മിക്ക സ്ഥലങ്ങളും രാത്രിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ കടുത്ത തണുപ്പിലാണ്. മരുഭൂമിയില്‍ പൂജ്യം ഡിഗ്രിക്കു താഴെയായി. വെള്ളിയാഴ്ചത്തെ കൂടിയ താപനില 12 ഡിഗ്രിയായിരുന്നു. ശനിയാഴ്ച ഇതു 15-17 ഡിഗ്രി വരെ കൂടിയേക്കുമെന്നാണ് അറിയിപ്പ്. ഖത്തറില്‍ വ്യാഴാഴ്ച തുടങ്ങിയ ശക്തമായ കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവും വെള്ളിയാഴ്ചയും തുടര്‍ന്നു. വക്ര, മിസൈദ്, അബുസംറ തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രി താപനില 10 ഡിഗ്രിയില്‍ താഴെയായി. ദോഹയില്‍ 11 മുതല്‍ 14 ഡിഗ്രി വരെയാണു പകല്‍ താപനില. ഉച്ചയോടെ പൊടിക്കാറ്റും ശക്തമായി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18329-cold-at-gulf-countries">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം