ഇ അഹമ്മദ് അന്തരിച്ചു

Wednesday February 1st, 2017
2

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 11.05ന് െ്രെപവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാര്‍ലമെന്റിലെത്തിയ അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിരയിലിരുന്ന്് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍ തന്നെ ലോക്‌സഭ സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹമ്മദിനെ സ്‌ട്രെച്ചറില്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി വി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രിയില്‍ കുതിച്ചെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലെത്തിയ ശേഷമാണ് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റിയത്.

1938 ഏപ്രില്‍ 29ന് ജനിച്ച ഇ.അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കേളജ്, തിരുവനന്തപുരം നിയമ കോളജ് എന്നിവിടങ്ങളില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അഹമ്മദ് 1967, 1977, 1980, 1982 , 1987 വര്‍ഷങ്ങളില്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 82-87 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നു. 1991, 1996, 1998, 1999, 2004, 2009,2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് യു.പി.എ സര്‍ക്കാറുകളിലും വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ യു.എന്‍ ജനറല്‍ അസംബ്‌ളിയില്‍ ഉള്‍പ്പെടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനും പലവിധ നയതന്ത്ര വിഷയങ്ങളില്‍ സജീവമായി ഇടപെടാനും അദ്ദേഹത്തിനായി.

മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇ. അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത്. രാത്രിയോടെ ആശുപത്രിയിലത്തെിയ മക്കള്‍ക്ക് പിതാവിനെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാത്തതാണ് നാടകീയരംഗങ്ങള്‍ക്കിടയാക്കിയത്. വിവരമറിഞ്ഞത്തെിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അധികൃതരോട് ക്ഷോഭിച്ചു. രാത്രി 10.30വരെ മക്കളെ കാണാന്‍ അനുവദിക്കാത്തതറിഞ്ഞ് അഹ്മദ് പട്ടേലാണ് ആദ്യമെത്തിയത്. മക്കളെ രോഗിയെ കാണാന്‍ അനുവദിക്കാത്തത് പതിവില്ലാത്തതാണെന്നും ഇത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ഡോക്ടര്‍ തടസ്സവാദം ഉന്നയിച്ചപ്പോള്‍ താന്‍ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.

ഇതേതുടര്‍ന്ന് മക്കളെ വെന്റിലേറ്ററിന്റെ ഗ്‌ളാസിനുള്ളിലൂടെ കാണാന്‍ അധികൃതര്‍ അനുവദിച്ചു. തുടര്‍ന്ന് സോണിയ ഗാന്ധിയുമായി മകള്‍ ഡോ. ഫൗസിയയും മകന്‍ നസീര്‍ അഹമ്മദും സംസാരിച്ചു. പിന്നാലെ സോണിയയും ആശുപത്രിയിലെത്തി. ഐ.സി.യുവില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന സോണിയ അധികൃതരുമായി കയര്‍ത്തു. രാഹുല്‍ ഗാന്ധിയെത്തി ആശുപത്രി സുപ്രണ്ടിനെ വിളിപ്പിച്ചു. പിന്നീട് ഇരുവരും ഇ. അഹമ്മദിനെ സന്ദര്‍ശിച്ചു. അസുഖത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വിവരമറിഞ്ഞത്തെിയ മാധ്യമ പ്രവര്‍ത്തകരോട് മക്കള്‍ പറഞ്ഞു. ഏറെ നേരത്തെ വാഗ്വാദത്തിനുശേഷമാണ് അധികൃതര്‍ മസ്തിഷ്‌ക മരണം സ്ഥീരീകരിക്കുന്നതിനുള്ള ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്താന്‍ സന്നദ്ധമായത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18301-e-ahammed-passes-away">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം