കാസര്‍കോഡ്: സ്കൂളിലേയ്ക്ക് പുറപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പെരിയയിലെ സ്വകാര്യസ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമത്ത് മുബശിറ(15)യെയാണ് കാണാതായതായി രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഒരുമാസമായിട്ടും വിദ്യാര്‍ഥിനിയെ കണ്ടെത്താനായിട്ടില്ല. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് സയാസിനെയും കാണാതായതായി അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. കാണാതാകുമ്പോള്‍ മുബശീറ തന്റെ ഏഴുപവന്‍ സ്വര്‍ണവും കൂടെ കൊണ്ടുപോയിരുന്നു. സയാസ് തന്റെ ഫോണ്‍ കാഞ്ഞങ്ങാട്ടെ കടയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം ഭീമാ പള്ളിയില്‍ പോയിട്ടുള്ള മുഹമ്മദ് സയാസ് ഭീമാ പള്ളി സ്വദേശികളായ ഏതാനും പേരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും സൂചനയുള്ളതായാണ് പേലിസിനു ലഭിച്ച വിവരം. അവരുടെ സഹായത്തോടെ മുബശിറയുമായി മുഹമ്മദ് സയാസ് ഒളിവില്‍ കഴിയുന്നതായും സംശയമുണ്ട്. ഇതിനിടെ കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് സിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് പോലിസ് കോടതയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥിനി ക്രിമിനല്‍ സംഘത്തിന്റെ വലയില്‍ പെട്ടിരിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.