മുസഫര്‍ നഗര്‍: സംഘപരിവാര ആരോപണത്തെ പിന്തുണച്ച് മനുഷ്യാവകാശ കമ്മീഷന്‍

Saturday October 1st, 2016
2

Musaafar nagar peopleന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ ഇരകള്‍ക്കെതിരെ സംഘ്പരിവാര്‍ ഉന്നയിച്ച് പരാജയപ്പെട്ട വ്യാജപ്രചാരണത്തിന് പിന്‍ബലമേകി ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട്. 2013ലെ കലാപത്തെ തുടര്‍ന്ന് മുസഫര്‍ നഗര്‍ മേഖലയില്‍നിന്ന് അടുത്ത ജില്ലയിലെ കയ് രാന എന്ന ചെറുനഗരത്തിലേക്ക് പലായനം ചെയ്ത മുസ്ലിം കുടുംബങ്ങള്‍ അവിടത്തെ ഹിന്ദുക്കള്‍ക്ക് സുരക്ഷാ ഭീഷണിയായി മാറിയെന്നാണ് കമീഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. കയിരാനയിലെ ബി.ജെ.പി ലോക്‌സഭാംഗം ഹുകും സിങ് ഏതാനും മാസം മുമ്പ് ഉന്നയിച്ച ആക്ഷേപം ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണത്തില്‍ വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. കമീഷന്റെ നടപടിക്കെതിരെ മുസഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളും പൗരാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കയാണ്. നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, തങ്ങളെ ക്രിമിനലുകളായി മുദ്രകുത്തുകയും ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് മുസഫര്‍ നഗറില്‍നിന്ന് പലായനം ചെയ്തവര്‍ മനുഷ്യവകാശ കമീഷന്‍ അധ്യക്ഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

നൂറോളം പേര്‍ മരിച്ച മുസഫര്‍ നഗര്‍ കലാപത്തെ തുടര്‍ന്ന് ലക്ഷത്തോളം മുസ്ലിംകളാണ് മേഖലയില്‍നിന്ന് പലായനം ചെയ്തത്. ഇങ്ങനെ മുസ്ലിംകള്‍ വന്നുചേര്‍ന്നതോടെ കയിരാനയിലെ മുസ്ലിം ജനസംഖ്യ കുത്തനെ കൂടിയെന്നും ഇവരുടെ ഭീഷണി കാരണം അവിടത്തെ ഹിന്ദു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായെന്നുമാണ് സംഘ്പരിവാര്‍ ഉയര്‍ത്തിയ ആക്ഷേപം. ഇവര്‍ പുറത്തുവിട്ട 349 കുടുംബങ്ങളുടെ പട്ടിക ജില്ലാ ഭരണകൂടം പരിശോധിച്ചപ്പോള്‍ അതില്‍ 90 ശതമാനം പേരും കലാപത്തിന് വര്‍ഷങ്ങള്‍ക്കുമുന്നേ കയിരാന വിട്ടുപോയവരോ മരിച്ചവരോ ആണെന്ന് കണ്ടെത്തി.

മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട് പറയുന്നത് മറിച്ചാണ്. 30,000ഓളം മുസ്ലിംകള്‍ കയിരാനയിലേക്ക് വന്നതോടെ ഇവിടത്തെ ജനസംഖ്യാ സന്തുലനം നഷ്ടമായി. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി. മറുവിഭാഗത്തിന്റെ ശല്യം കാരണം ഹിന്ദു സ്ത്രീകള്‍ കയിരാന ടൗണില്‍ വരാന്‍പോലും മടിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയച്ചുവയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നവര്‍ക്ക് വളം പകരുന്നതാണെന്ന് ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, ഫറാ നഖ്വി എന്നിവര്‍ ചൂണ്ടിക്കാട്ടി. കലാപബാധിതരായ 3000ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് കയിരാനയിലേക്ക് വന്നിട്ടുള്ളതെന്ന് അവരിലുള്‍പെട്ട ശൗക്കത്ത് അലി, റിയാസ് അലി എന്നിവര്‍ പറയുന്നു.

എന്നാല്‍, റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണ് കമീഷന്‍. സുപ്രീംകോടതി അഭിഭാഷക മോണിക അരോറ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കമീഷന്‍ വക്താവ് ജെ.കെ. ശ്രീവാസ്തവ പറഞ്ഞു. ഒരു വിഭാഗം ആളുകളോട് മാത്രം സംസാരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും മനുഷ്യാവകാശ കമീഷനില്‍നിന്ന് ഇത്തരം വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും സന്നദ്ധ സംഘടന സദ്ഭാവന ട്രസ്റ്റ് ഭാരവാഹി മാധവി കുഖ്‌റേജ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17488-musafar-human-rigths-commission">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം