ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ മീരാ ജാസ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായകന് കമല്‍. ഷൂട്ടിംഗ് സെറ്റുകളില്‍ സഹപ്രവര്‍ത്തകരുമായി കയര്‍ക്കുന്നത് മീരയുടെ പതിവായിരുന്നെന്നും അസിസ്റ്റന്റുമാരോടും, ടെക്നീഷ്യന്‍മാരോടൊക്കെ മോശമായി പെരുമാറിയ മീരയെ പലവട്ടം താക്കീത് ചെയ്തിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും കമല്‍ പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലെ എന്റെ വെയില്‍ഞരമ്പിലെ പച്ചയും പൂക്കളും എന്ന ജീവിതമെഴുത്തിലാണ് കമല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. -മീരാ ജാസ്മിന് സ്വയമസ്തമിച്ച പകല്‍- എന്ന തലക്കെട്ടോടെയാണ് കമല്‍ തന്റെ അനുഭവങ്ങള്‍ പങ്കു വക്കുന്നത്.
ഗ്രാമഫോണ്‍ സിനിമയിലെ കോസ്റ്റ്യൂമറുമായും മീര പ്രശ്നമുണ്ടാക്കിയിരുന്നു. മൂന്നുപ്രാവശ്യം ദേശീയ അവാര്‍ഡ് നേടിയ എസ്.ബി സതീഷ് നല്കിയ വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍വച്ച് വലിച്ചുകീറി കളഞ്ഞെന്നും കമല്‍ പറയുന്നു. തനിക്കെല്ലാവരോടും സ്നേഹവും സൗഹൃദവും കാണിക്കാന്‍ പറ്റില്ലെന്നും താല്പര്യമുളളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്നേഹം കാണിക്കുവാന്‍ പറ്റുവെന്നാണ് ഇതിന് ന്യായീകരണമായി മീര പറഞ്ഞത്. സ്വപ്നക്കൂടിന്റെ ലൊക്കേഷനില്‍ വച്ചും സമാനപെരുമാറ്റങ്ങള് ഉണ്ടായിട്ടുണ്ട്. താനവരുടെ ശത്രുവാണെന്ന രീതിയിലാണ് മീര പെരുമാറിയത്. അതിന്റെ കാരണമെന്തെന്ന് ഇന്നും അറിയില്ലെന്നും കമല്‍ പറയുന്നു.
തന്റെ സെറ്റില്‍ ഒരുനടിയും ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, അറിവില്ലായ്മകൊണ്ടും പക്വതക്കുറവ് കൊണ്ടുമാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മീരയോട് താന്‍ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. സത്യന് അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ മീരാ ജാസ്മിനെ മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കമല്‍ കുറിക്കുന്നു.