നൂറ്റാണ്ട് പിന്നിട്ടിട്ടും മുസ്ലിം ഇന്ത്യയുടെ വിലാപകാവ്യം മാറാത്തതെന്ത്?

By ഹാമിദ് അന്‍സാരി|Monday September 7th, 2015
2

Hamid ansari viceഅഖിലേന്ത്യാ മുസ്ലിം മജ്‌ലിസ് എ മുശാവറയുടെ അമ്പതാം വാര്‍ഷികത്തിന് ക്ഷണിക്കപ്പെടുക എന്നത്, ഒരു വിശിഷ്ട അവകാശമാണ്. കാരണമെന്തെന്ന് പറയേണ്ടതില്ലല്ലോ, ഇവിടെ സംബന്ധിക്കുന്ന മറ്റു പലരേയുംപോലെ, പോയവര്‍ഷങ്ങളില്‍ ഈ പ്രഗത്ഭപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെക്കുറെ പിന്തുടര്‍ന്നുപോന്ന ഒരാളാണ് ഞാന്‍. ഇന്ത്യന്‍ ഭരണഘടന ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ഉപാധിക്കനുസൃതമായി മുസ്ലിംങ്ങളുടെ സ്വത്വബോധത്തേയും ആത്മാഭിമാനത്തേയും സംരക്ഷിക്കാനും പ്രതിരോധിക്കാനും ഇങ്ങനെയൊന്ന് ആവശ്യമായി വന്നപ്പോള്‍ അതിനോടുള്ള പ്രതികരണമെന്നോണം രൂപം കൊണ്ടതാണ് മജ്‌ലിസ്. ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇന്നും പ്രസ്‌ക്തമാണ്. അവയില്‍ ചിലതിന്റയെല്ലാം അംശങ്ങള്‍ കുറേക്കൂടി ശബ്ദായമാനമാകുകയോ പരിഷ്‌കരിക്കപ്പെടുകയോ ചെയ്തിരിക്കുകയാണ് ഇന്ന്.

ഇന്ത്യയിലെ മുസ്ലിംകള്‍ നൂറ്റിയെണ്‍പത് ദശലക്ഷംവരും. എന്നുവെച്ചാല്‍, രാജ്യത്തെ ജനസംഖ്യയുടെ പതിനാല് ശതമാനത്തേക്കാള്‍ അല്‍പം അധികം വരുമത്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ പിന്നെ ലോകത്തെ മുസ്ലിംങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ദേശീയ ജനവിഭാഗമാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഇസ്ലാമിന്റെ സംസ്‌കൃതിക്കും സംസ്‌കാരത്തിനും ഇന്ത്യന്‍ മുസ്ലിംകള്‍ നല്‍കിയ സംഭാവനകള്‍ വിശദീകരിക്കേണ്ടതില്ല. ബ്രിട്ടിഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിലെ അവിഭാജ്യഘടകമായിരുന്നു അവര്‍. ഈ രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന അവര്‍ ഭാഷാപരമായോ സാമൂഹിക, സാമ്പത്തിക തലത്തിലോ ഏകജാതീയസ്വഭാവമുള്ളവരല്ല. ഇന്ത്യക്കാരെന്ന ജനതതിയുടെ വൈവിധ്യവും സ്വഭാവവും വലിയൊരളവോളം അവരില്‍ പ്രതിഫലിക്കുന്നുണ്ട്. 1947 ആഗസ്റ്റിലെ ഇന്ത്യന്‍ സ്വാതന്ത്ര്യം, അതിന്റെ മുന്നോടിയായും പിന്തുടര്‍ച്ചയായും ഉണ്ടായ സംഭവവികാസങ്ങള്‍, ഇവയെല്ലാം ഇന്ത്യന്‍ മുസ്ലിംകളില്‍ കായികമായും മനശ്ശാസ്ത്രപരമായും അരക്ഷിതബോധം രൂപപ്പെടുത്തുകയുണ്ടായി. വിഭജനത്തിന്റെ ഫലമായി ഉണ്ടായ രാഷ്ട്രീയസംഭവവികാസങ്ങളുടെ ഭാരം അവര്‍ അന്യായമായി പേറേണ്ടിവന്നു. അതിനോടൊക്കെയും അവര്‍ക്ക് സമരസപ്പെടേണ്ടിവന്നു. ആ ദുരിതത്തില്‍നിന്ന് പടിപടിയായി കരകയറിയെങ്കിലും അതിനുള്ള പ്രക്രിയ വളരെ അസന്തുലിതവും അതേസമയം വേദനാജനകവുമായിരുന്നു. ശങ്കയോടെയാണെങ്കിലും അവരുടെ മുറിവുകള്‍ ഉണക്കാന്‍ അവര്‍ വഴി കണ്ടെത്തി, വെല്ലുവിളികളെ നേരിടുകയും വികസനം തേടുകയും മാതൃകകളോടു പ്രതികരിക്കുകയും ചെയ്തു. ഒരളവുവരെ വിജയം നേടാനായി. എങ്ങനെയൊക്കെയായാലും, ചെയ്തതിനേക്കാള്‍ അധികം ചെയ്യാനുണ്ട്.

AP Kanthapuram muslim leadersപോയ പതിറ്റാണ്ടില്‍, പ്രശ്‌നത്തിന്റെ അതിര്‍ത്തിരേഖകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള ജോലികള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. 2006ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതു ചെയ്തു. സാമൂഹിക സാമ്പത്തിക സൂചികകളെ കുറിച്ച് ചില കേന്ദ്രങ്ങങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നുണകളെ വിശ്രമിക്കാന്‍ വിട്ടുകൊണ്ട്, മുസ്ലിംകള്‍ രാഷ്ട്രീയ സാമൂഹിക ഘടനയുടെ അരികിലാണ് കഴിയുന്നതെന്നും അവരുടെ സാമ്പത്തികവും സാമൂഹികവുമായ പ്രസക്തിയും ശരാശരി അവസ്ഥയും ചരിത്രപരമായ കാരണങ്ങളാല്‍ ഏറ്റവും പിന്നോക്കമായിപ്പോയ സമുദായങ്ങളോടും പട്ടികജാതിക്കാരോടും പട്ടിക വര്‍ഗ്ഗക്കാരോടും താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശമാണെന്നും സച്ചാര്‍ റിപ്പോര്‍ട്ട് തെളിയിച്ചു. വിദ്യാഭ്യാസം, ഉപജീവനം, സര്‍ക്കാര്‍ സര്‍വ്വീസിലേക്കും മറ്റു തൊഴില്‍ വിപണിയിലേക്കും എത്തിപ്പെടാനുള്ള മാര്‍ഗങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം വികസനപരമായ കുടിശ്ശികയുണ്ടന്ന് അത് തെളിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇതുണ്ട് താനും. സമാനമായി, 2008ല്‍ വിദഗ്ദസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോഴും വികസന വൈവിധ്യ സൂചികയും തുല്ല്യാവസര കമ്മീഷനും വേണ്ടതിന്റെ ആവശ്യകത വ്യകതമായി. ഇതെല്ലാം ഒരുമിച്ചെടുത്താല്‍, ഈ പഠനങ്ങളും സമാനമായ മറ്റു പഠനങ്ങളും വേണ്ടത്ര തെളിവുകളോടെ സ്ഥാപിക്കുന്നത്, ”അസമത്വത്തിന്റെ ചതിക്കുഴികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ തടയുകയും സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്ന വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി പ്രവര്‍ത്തിക്കുകയും ചെയ്യും” എന്ന കാഴ്ചപ്പാടിനെയാണ്.

ഏറ്റവും അടുത്തായി വന്നത് കുഡ്രു റിപ്പോര്‍ട്ടാണ് . 2014 സെപ്തംബറില്‍. സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ നടപ്പാക്കിയതു വിലയിരുത്താനായി നിയോഗിക്കപ്പെട്ട ആ കമ്മീഷന്റെ റിപ്പോര്‍ട്ട് സമാപിക്കുന്നത് ”തുടക്കമിട്ടു കഴിഞ്ഞു, പക്ഷേ, ഗുരുതരമായ കുരുക്കുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്” എന്നാണ്. അതിനുള്ള കൃത്യമായ മറുമരുന്നുകളും ആ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ”മുസ്ലിം ന്യുനപക്ഷത്തിന്റെ വികസനം പടുത്തുയര്‍ത്തേണ്ടത് സുരക്ഷിത ബോധത്തിന്റെ പാറമേല്‍ നിന്നായിരിക്കണം” എന്ന് കുഡ്രു റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു.

ഇന്ത്യന്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ഈ ഔദ്യോഗിക രേഖകള്‍ സംക്ഷിപ്തമായി പറയുന്നുണ്ട്:

  • സ്വത്വവും സുരക്ഷിതത്വവും
  • വിദ്യാഭ്യാസവും ശാക്തീകരണവും
  • രാജ്യം നല്‍കുന്ന പാരിതോഷികങ്ങളില്‍ തുല്ല്യമായ പങ്ക്
  • തീരുമാനമെടുക്കുന്നിടത്ത് നീതിയുക്തമായ പങ്ക്

ഇതില്‍ ഓരോന്നും പൗരന്റെ അവകാശമാണ്. ഒരോന്നിലുമുള്ള പോരായ്മകളെ കുറിച്ചും അവലോകനം ചെയ്തു മുഷിഞ്ഞതാണ്. ഇവയെ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളും പ്രവര്‍ത്തനപദ്ധതികളും വികസിപ്പിച്ചെടുക്കുക എന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.

ഭരണകൂടത്തിന്റെയും അതിന്റെ ഏജന്‍സികളുടേയും വീഴ്ചകള്‍ എന്നാല്‍ അവസരങ്ങള്‍ നിഷേധിക്കുക, അപഹരിക്കുക, വേര്‍തിരിവ് കാണിക്കുക (സുരക്ഷ നല്‍കുന്നതിലുള്ള പരാജയം ഉള്‍പ്പടെ) എന്നിവയാണ്. ഇതെല്ലാം ഭരണകൂടം തിരുത്തേണ്ടവയാണ്. ഇത് എത്രയും നേരത്തെ ചെയ്യുകയും അതിന് ഏറ്റവും അനുയോജ്യമായ ഉപാധികള്‍ വികസിപ്പിച്ചെുക്കുകയും വേണം. രാഷ്ട്രീയവിവേകം, അനുപേക്ഷണീയമായ സാമൂഹികശാന്തി, പൊതുജനാഭിപ്രായം എന്നിവക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്. ഇതിനെല്ലാംതന്നെ, നയപരമായ തലത്തിലും കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നിടത്തും തിരുത്തലുകള്‍ വരുത്തണമെന്നും സംസ്ഥാന സര്‍ക്കാറുകളുടെ സജീവസഹകരണം ഉറപ്പുവരുത്താന്‍ വഴികണ്ടെത്തണമെന്നുമാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കാര്യനിര്‍വ്വഹണത്തിലെ തിരുത്തലുകള്‍ക്ക് ഊന്നല്‍ കൊടുക്കണം. ”എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും ക്ഷേമം” എന്ന ഔദ്യോഗിക ലക്ഷ്യപ്രഖ്യാപനം ശ്ലാഘനീയമാണ്. എല്ലാവരുടേയും തുടക്കം ഒരിടത്തു നിന്നുതന്നെ ആയിരിക്കുകയും എല്ലാവര്‍ക്കും ഒരേ വേഗതയില്‍ ഓടാനുള്ള പ്രാപ്തിയുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ്, ഈ ഉള്ളറിഞ്ഞ കര്‍മ്മപരിപാടിയുടെ വിജയത്തിന്ന് മുന്‍കൂറായി ഒരുക്കേണ്ടത്. വ്യക്തിപരവും സാമൂഹികവും സര്‍ക്കാര്‍ തലത്തിലും മുന്‍കൈയ്യെടുത്ത് അടിത്തറ ഫലപ്രദമാക്കുന്നതിലൂടെയാണ് ഈ പ്രാപ്തി വികസിപ്പിച്ചെടുക്കാനാകുക. മനസ്സറിഞ്ഞുകൊണ്ടാണ് പരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്; അവയുടെ നടത്തിപ്പാണ് ഇപ്പോഴത്തെ ആവശ്യം.
indian muslims
ഇതുവരെ പറഞ്ഞത് സര്‍ക്കാറിന്റെ കര്‍മപരിപാടികളെ കുറിച്ചും അതിലുണ്ടായ വീഴ്ചകളെ കുറിച്ചുമാണ്. തിരിച്ചറിഞ്ഞ പോരായ്മകളെ മറികടക്കുന്നതിന് സമുദായം സ്വമേധയാ എടുക്കേണ്ട നടപടികളും തുല്ല്യ അളവില്‍ പ്രസക്തമാണ്. സാമൂഹിക സാമ്പത്തിക സ്ഥിതിയില്‍ നിന്നും വിദ്യാഭ്യാസപരമായ അവികസിതാവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന പട്ടിണിയും പിന്നോക്കാവസ്ഥയും പരിഹരിക്കാന്‍ സമുദായം എന്തു ചെയ്തു? ഈ വെല്ലുവിളികളോട് സമുദായം വേണ്ട അളവില്‍ പ്രതികരിച്ചോ?

ഒരു നൂറ്റാണ്ട് മുമ്പ് മുഴങ്ങിയ ഈ വിലാപകാവ്യം ഇപ്പോഴും പ്രചോദനകരമാണ്:
”ഒരിടത്ത് വര്‍ഗ്ഗിയത, ഒരിടത്ത് ജാതീയത
നിങ്ങള്‍ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും
നിങ്ങളെ തന്നെ തരംതിരിച്ചു
പുരോഗതിക്കായി കാലാകാലം
ഇതുതന്നെയാണോ നിങ്ങളുടെ കൈമുതല്‍”

ഉള്ളവനും ഇല്ലാത്തവനും രണ്ടും രണ്ടാണെന്ന അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യം ഇന്നു നമ്മള്‍ സമ്മതിച്ചുകഴിഞ്ഞു. ഉന്നതകുലജാതനും ഏഴയും തോളോടു തോള്‍ ചേര്‍ന്ന് ഒരേ വരിയില്‍ നില്‍ക്കുന്നതൊക്കെ പള്ളിക്കകത്തു മാത്രമാണ്. ചെലുത്തപ്പെടുന്ന വൃത്തിയും ഭംഗിയുമാണ് ആ നില്‍പ്പിനുള്ളത്. നിസ്‌കാരത്തിനു വേണ്ടി പള്ളിയില്‍ അണിനിരക്കുന്നതില്‍ മാത്രം ഇത് പരിമിതപ്പെടുകയാണ്. അതു കഴിഞ്ഞാല്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ തിരുത്തേണ്ടത് എല്ലാം തിരുത്തേണ്ടതുണ്ട്. പട്ടികജാതിക്കാരുടെ നിലവാരത്തിലുള്ള മുസ്ലിംകള്‍ക്കും മറ്റു പിന്നോക്ക വര്‍ഗ്ഗത്തില്‍ വരേണ്ടുന്ന മുസ്ലിംകള്‍ക്കും ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ വാചകമടികള്‍ കാരണമാകരുത്. ലഭ്യമായ കണക്കുകള്‍ തെളിയിക്കുന്നത് വലിയൊരു ശതമാനം മുസ്ലിംങ്ങളും പട്ടികജാതിയിലോ പിന്നോക്കവിഭാഗത്തിലോ പെടുമെന്നാണ്.
modi muslims
സമുദായത്തിലെ നല്ലൊരു വിഭാഗം ഇപ്പോഴും ദൂഷിതവലയത്തില്‍ കുരുങ്ങിക്കിടക്കുകയാണ് എന്നത് വ്യക്തമാണ്. സാംസ്‌കാരികമായി കൈക്കൊണ്ട പ്രതിരോധനില സ്വന്തം മുന്നേറ്റത്തെ തടസ്സപ്പെടുത്തുകയുമാണ്. പാരമ്പര്യം പരമപവിത്രമാണ് എന്നതുശരിതന്നെ, പക്ഷേ ആ പാരമ്പര്യത്തെ പവിത്രമാക്കിയത് അതിന്റെ യുക്തിയും നവീകരണത്വരയുമാണെന്ന കാര്യം മറന്നുപോകരുത്. നവീകരണം അല്ലെങ്കില്‍ ആധുനികത എന്നത് ഒരു മോശം പ്രകാശനമാണെന്നു വന്നിരിക്കുന്നു. അത്തരത്തിലുള്ള മനോഭാവം, വിശ്വാസത്തിന്റെ ദൃഢതക്കും സമുദായത്തിന്റെ ക്ഷേമത്തിനും ഉതകുന്ന വിമര്‍ശനാത്മക ചിന്തയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. മാറ്റത്തിന്റെ ചാലകശക്തിയായി സ്വീകരിക്കേണ്ടിയിരുന്ന സ്വയം നവീകരണം ഇജ്തിഹാദ് നിരാകരിക്കപ്പെട്ടു. അതിനോട് കടുത്ത നിഷേധാത്മകനിലപാടാണ് സമുദായത്തിന്. അഥവാ അതുണ്ടെങ്കില്‍ അത് ഇപ്പോള്‍ പുറംപൂച്ചു മാത്രമാണ്. പരേതനായ ശൈഖ് അബുല്‍ ഹസ്സന്‍ അലി നദ്‌വി നിര്‍വ്വചിച്ചതുപോലെ, ”നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതാവശ്യങ്ങളെ നേരിടാനുള്ള കഴിവ് കരസ്ഥമാക്കലാണ്” ഇജ്തിഹാദിന്റെ ലക്ഷ്യം എന്നതും മറന്നു. മതം, ജീവിതം, ബുദ്ധിശക്തി, കൂറ്, സ്വത്ത് എന്നിവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി പറഞ്ഞതും അത്രതന്നെ പ്രസക്തമാണ്. പുതിയകാലത്തിന്റെ ചോദ്യങ്ങള്‍ക്ക് സ്വന്തം നിലപാടില്‍ നിന്നുകൊണ്ടുതന്നെ അനുയോജ്യമായ ഉത്തരം കണ്ടെത്താനാവുമെന്നാണ് ഗസ്സാലിയുടെ ‘മസ്‌ലഹ’. വിശ്വാസത്തിന്റെ മൗലികതയെ ഹനിക്കാതെ സാമൂഹികമാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള സൈദ്ധാന്തികപരിസരം ഒരുക്കുകയാണ് രണ്ടുപേരും ചെയ്തത്.

ഇപ്പോള്‍ ഇവിടെ മുശാവറയുടെ പങ്ക് നിര്‍ണായകമാവുകയാണ്. സമുദായത്തിന്റെ നേതൃസ്ഥാനത്തുള്ള ഏറ്റവും ആദരണീയരായ മനസ്സുകളുടെ കൂട്ടായ്മ എന്ന നിലയില്‍, സ്വത്വത്തേയും ആത്മാഭിമാനത്തേയും പ്രതിരോധിക്കുക എന്നതിനപ്പുറം കടക്കാനും മാറുന്ന ഇന്ത്യയിലും മാറുന്ന ലോകത്തിലും രണ്ടിനേയും സ്ഥാപിക്കാനും മുശാവറക്ക് കഴിയണം. സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടേയും പ്രത്യേകിച്ച്, സ്ത്രീകള്‍, യുവജനങ്ങള്‍, അധഃസ്ഥിതര്‍ തുടങ്ങിയവരുടേയും ആവശ്യങ്ങളെ നിവര്‍ത്തിച്ചുകൊടുക്കുന്ന തരത്തില്‍ അതിന്റെ പ്രവര്‍ത്തനമേഖലയുടെ വ്യപ്തി വര്‍ദ്ധിപ്പിക്കണം. അവരാണ് ഈ സമുദായത്തിലെ മഹാഭൂരിപക്ഷം എന്നത് കണക്കിലെടുക്കണം. ഇതേവരെ പരിഗണിക്കാത്ത വിഷയങ്ങള്‍ പരിഗണനക്കെടുക്കണം. ഈ പ്രയത്‌നങ്ങളാവട്ടെ ഇന്ത്യന്‍ അവസ്ഥകളിലും അതിന്റെമാത്രം പ്രത്യേകതകളായ ബഹുസ്വരത, മതേതരത്വം, ജനാധിപത്യം എന്നീ മൂന്നുതലങ്ങളിലും ഊന്നിക്കൊണ്ടാവണം. ഇത്തരം കാര്യങ്ങളെയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രശ്‌നത്തെ വിവരിച്ചത് ഇങ്ങനെയാണ്: ” വിവേചനം ഉണ്ടെന്നത് നിഷേധിക്കുകയും വിവേചനത്തെ മറച്ചുവെക്കുകയും ചെയ്യുന്നത് വസ്തുതയുടെ മുഖത്തടിക്കുന്നതുപോലെയാണ്. എന്നാല്‍ വിവേചനത്തിനെതിരെ പോരാടുമ്പോള്‍ വിവേചനത്തിനെ വളര്‍ത്തുന്ന വികാരങ്ങളും വര്‍ദ്ധിക്കും. മുസ്ലിംപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോഴുള്ള ഈ ഊരാക്കുടുക്ക് കാണാതിരിക്കരുത്. പ്രക്ഷോഭത്തിന്റെ രൂപവും ഉള്ളടക്കവും പഴയമുറിവുകളെ ഉണക്കുന്ന തരത്തിലായിരിക്കണം, പുതിയ വൃണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാകരുത്. വിവേചനം എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രശ്‌നമാണെന്ന നിലയിലും ദേശീയോദ്ഗ്രഥനത്തിന്റെ ചട്ടക്കൂടിന് അകത്തുനിന്ന് പരിഹാരം കാണേണ്ട ഒന്നാണെന്നും സമര്‍ത്ഥിച്ചുകൊണ്ടായിരിക്കണം പരിഹാരം നേടിയെടുക്കേണ്ടത്”

ഈ സാഹചര്യം സഹപൗരന്മാരുമായി നിരന്തരവും ഗൗരവതരത്തിലുള്ളതുമായ ആശയവിനിമയം ആവശ്യമാക്കുന്നുണ്ട്. അത് ഔന്നിത്യബോധത്തിന്റെയോ അധമബോധത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കരുത്. മൗലികാവകാശങ്ങളുടെ ആകെത്തുകയും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എടുത്തുപറഞ്ഞിട്ടുള്ളതുമായ നീതി, സമത്വം, എന്നിവയുടെ തലത്തില്‍ നിന്നുകൊണ്ട് നടത്തുമ്പോഴാണ് ഈ ആശയവിനിമയം ഫലംകാണുക. വിശാലസമൂഹവുമായി ആശയവിനിമയം നടത്തുന്നതിലുള്ള പരാജയം വലിയൊരവളോളം സമുദായത്തിന്റെ അതിരുകളെ ചുരുക്കാനും ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്ന ആര്‍ജ്ജവം നേടാനാകാതെ മരവിച്ചുപോകാനും കാരണമായിട്ടുണ്ട്. സമുദായത്തെ ഒറ്റപ്പെടുത്തി നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാം. അത്തരം സമീപനങ്ങളെ ചെറുക്കണം.

എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും, മതേതര രാഷ്ട്രീയസാഹചര്യത്തില്‍ ജീവിക്കുന്ന വന്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ അനുഭവമെന്ന നിലയില്‍ ഇന്ത്യന്‍ അനുഭവം മറ്റുള്ളവര്‍ക്കും മാതൃകയായി പിന്‍പറ്റാന്‍ കഴിയണം.

അവസാനമായി ഒരു വാക്കുകൂടി, ഇന്ത്യയുടേയും ഈ രാജ്യത്തെ മുസ്ലിംകളുടേയും മറ്റുരാജ്യങ്ങളിലെ മുസ്ലിംകളുടേയുമെല്ലാം അപ്പുറത്തേക്ക് വ്യപിച്ചുകിടക്കുന്ന മുസ്ലിംലോകത്തിന് ഈ ചിന്തകളുടേയും പ്രവര്‍ത്തികളുടേയും ഫലം ലഭിക്കണം. അല്‍പം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഫ്രഞ്ച് അള്‍ജീരിയന്‍ ദാര്‍ശനികനായ മുഹമ്മദ് ആര്‍ക്കോണിന്റെ രചനകള്‍ വായിക്കാനിടയായി. നമ്മുട കാലം, ആധുനികതയെക്കുറിച്ച് പുനരാലോചന നടത്താന്‍ നമ്മെ നിര്‍ബന്ധിക്കുകയാണ് എന്നുള്ള ആര്‍ക്കോണിന്റെ കാഴ്ച്ചപ്പാട് വല്ലാതെ മതിപ്പുളവാക്കുന്നതാണ്. അദ്ദേഹം പറയുന്നു: ” ആധുനികതയില്‍ ഊന്നി നിന്നുകൊണ്ട് ആധുനികതയെതന്നെ വിമര്‍ശിക്കുന്ന വിമര്‍ശനാത്മക ചിന്തയെ ഇസ്ലാമിക ചരിത്രത്തില്‍ നിന്നുള്ള ഉദാഹരണങ്ങളുമായി ചേര്‍ത്തുവെക്കുമ്പോള്‍ അത് ആധുനികതയേയും വിമര്‍ശനാമാത്മക ചിന്തയേയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക.”

ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഭാവിതലമുറ നമുക്ക് പൊറുത്തുതരുമോ?

”സ്വന്തം മനസ്സിനെ ജനങ്ങള്‍ സ്വയം മാറ്റുന്നതുവരെ ദൈവം അവരുടെ അവസ്ഥയെ മാറ്റുന്നതല്ല” എന്നത് ഒര്‍ക്കുക.

അതിനാലിപ്പോള്‍ മുശാവറയുടെ മുന്നില്‍ അവശേഷിക്കുന്ന കര്‍ത്തവ്യത്തിന് മൂന്നുതലമുണ്ട്. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ മുഴുവനായും യാഥാര്‍ത്ഥ്യമാക്കി കിട്ടുന്നതിന് നിരന്തരമായി പ്രയത്‌നിക്കുക, വിശാല സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകാതെ അത് നിര്‍വ്വഹിക്കുക, അതേസമയം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് അനുയോജ്യമായ വിധത്തില്‍ ചിന്തയേയും പ്രവൃത്തിയേയും നവീകരിക്കുകയും ചെയ്യുക.

Hamid Ansari vice
ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതി

ദൈവം കാത്തുരക്ഷിക്കട്ടെ, ജയ്ഹിന്ദ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/13208-vice-hamid-ansari-about-indian-muslims">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം