വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയ നവവരന്‍ ബൈക്കില്‍ ബസിടിച്ചു മരിച്ചു

Tuesday May 5th, 2015
2

Bike accident deathകൊല്ലം: നവവധുവിനെ പഞ്ചായത്ത് ഓഫിസിലിരുത്തി വിവാഹ രജിസ്‌ട്രേഷനു രേഖകള്‍ എടുക്കാന്‍ വീട്ടിലേക്കു പോയ നവവരന്‍ സ്വകാര്യ ബസ് ഇടിച്ചു തല്‍ക്ഷണം മരിച്ചു. ചവറ മാലിഭാഗം വടക്കേകുറ്റിയില്‍ ജയശങ്കറാണ് (27) ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നു തെറിച്ചു റോഡില്‍ വീണു മരിച്ചത്. ശാസ്താംകോട്ടക്കും ആഞ്ഞിലിമൂടിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ മാസം 23ന് ആയിരുന്നു കുന്നത്തൂര്‍ സ്വദേശി കാഞ്ചനയും ജയശങ്കറും വിവാഹിതരായത്. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ഭാര്യയുമൊത്തു രാവിലെ ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിലെത്തിയപ്പോള്‍ പ്രായം തെളിയിക്കുന്ന രേഖ വേണ്ടതിനാല്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ മാലിഭാഗത്തെ വീട്ടിലേക്കു പോയപ്പോഴാണ് അപകടം. കരുനാഗപ്പള്ളിയില്‍ നിന്നു ഭരണിക്കാവിലേക്കു പോയ ഫാമോള്‍ എന്ന സ്വകാര്യ ബസ് ആഞ്ഞിലിമൂടിനു സമീപം അമിത വേഗത്തിലെത്തി ജയശങ്കര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചുപോയി റോഡില്‍ വീണ ജയശങ്കര്‍ ശരീരമാകെ തകര്‍ന്ന് തല്‍ക്ഷണം മരിച്ചു.

രക്തത്തില്‍ മുങ്ങിയ ജയശങ്കറിന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തൊട്ടപ്പുറത്തെ പഞ്ചായത്ത് ഓഫിസില്‍ വിവാഹ രജിസ്‌ട്രേഷനായി ജയശങ്കര്‍ തിരികെ വരുന്നതു കാത്തിരിക്കുകയായിരുന്നു ഭാര്യ കാഞ്ചനയും കാഞ്ചനയുടെ അച്ഛന്‍ ഗോപാലകൃഷ്ണപിള്ളയും. ജയശങ്കറിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞതും ബന്ധുക്കളെ അറിയിച്ചതും. വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയതായിരുന്നു ജയശങ്കര്‍. ഇതിനിടെ ജയശങ്കര്‍ ധരിച്ചിരുന്ന മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്നു പരാതി ഉയര്‍ന്നു. ഇത് ആശുപത്രിയില്‍ ചെറിയ തോതിലുള്ള വാക്കേറ്റതിനു കാരണമായി. ആഭരണം നഷ്ടപ്പെട്ടതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. ജയശങ്കറുടെ പിതാവ്: ഗംഗാധരന്‍ പിള്ള. അമ്മ: രമാദേവിപിള്ള. സഹോദരന്‍: മണിലാല്‍.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10697-bike-accident-groom-dies-marriage">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം