malappuram

മലപ്പുറത്തിന്റെ ദത്തുപുത്രന് വിട

Thursday February 2nd, 2017
2

മലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് ഇ. അഹമ്മദിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്. കണ്ണൂരില്‍ നിന്നും മലപ്പുറത്തിന്റെ ദത്തുപുത്രനായി മാറിയ അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിന് നികത്താനാകാത്ത നഷ്ടമാണ്. ദീര്‍ഘകാലം കേന്ദ്രമന്ത്രിയും കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന അദ്ദേഹം നിലവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 12 തവണ മത്സരിച്ച അദ്ദേഹം പത്തുതവണയും മത്സരിക്കാനായി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളെയാണ്. ഏറ്റവുമൊടുവില്‍ മത്സരിച്ചപ്പോഴും 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലപ്പുറത്തു നിന്നും അദ്ദേഹം പാര്‍ലമെന്റിലേക്ക് കയറിയത്.
1967ല്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ കൊടുവള്ളിയെയും തുടര്‍ച്ചയായി മൂന്നു തവണ താനൂരിനെയും നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1981-83 കാലത്ത് കണ്ണൂര്‍ നഗരസഭാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1982-1987 കാലത്ത് കേരള വ്യവസായ മന്ത്രിയായി. 2004ലും 2011ലും വിദേശകാര്യ സഹമന്ത്രിയായിരുന്നു. 2009ല്‍ റെയില്‍വേ സഹമന്ത്രിയുമായി.

1991ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1996, 1998, 1999, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. വിദേശകാര്യം, റെയില്‍വേ എന്നിവയായിരുന്നു ഇ അഹമ്മദ് കേന്ദ്ര മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍. 2004ല്‍ ഇറാഖിലെ കണ്ഡഹാറില്‍ ബന്ദിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയപ്പോള്‍ പ്രവാസികളെ അതിന്റെ അതിന്റെ ആഘാതത്തില്‍ നിന്നും രക്ഷിക്കാനും നടത്തിയ ഇടപെടലുകള്‍ നയതന്ത്ര രംഗത്ത് അഹമ്മദിന് പ്രശസ്തി നേടികൊടുത്തു. 2014വരെ ഐക്യരാഷ്ട്ര സഭയിലെ പൊതുസഭയുടെ സ്ഥിരം ഇന്ത്യന്‍ സാന്നിദ്ധ്യമായിരുന്നു.

പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി എപ്പോഴും സമീപിച്ചുകൊണ്ടിരുന്ന അഹമ്മദ് തന്നെയാണ് പ്രവാസികളുടെ വോട്ടവകാശത്തിനായി പാര്‍ലമെന്റില്‍ അനൗദ്യോഗിക ബില്‍ അവതരിപ്പിച്ചതും. ലിബിയയിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിയപ്പോള്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് പോലും ഇ. അഹമ്മദിന്റെ നയതന്ത്ര ചാതുര്യം ഉപയോഗിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. ഏറ്റവുമൊടുവില്‍ സൗദിയിലെ നിതാഖാത്ത് നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നതിനായി ഇ. അഹമ്മദ് നിരന്തം ഇടപെട്ടിരുന്നു.

1938 ഏപ്രില്‍ 19ന് കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ സിറ്റിയിലാണ് അഹമ്മദിന്റെ ജനനം. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍, തലശ്ശേരി ഗവണമെന്റ് ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംഎസ്എഫിന്റെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു ഇ അഹമ്മദ്. എംഎസ്എഫ് കെട്ടിപ്പടുത്തുകൊണ്ടാണ് അദ്ദേഹം മുസ്ലീം ലീഗിന്റെ നേതൃനിരയിലേക്ക് എത്തിയത്. തലശേരി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട അദ്ദേഹം ദീര്‍ഘകാലമായി ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പരേതയായ സുഹറയാണ് ഭാര്യ. മക്കള്‍: റയീസ്, നസീര്‍, ഫൗസിയ ഷെര്‍സാദ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം