മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മലപ്പുറത്തേക്ക് തിരിയുന്നു. മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് എതിരാളി ആരെന്നറിയാനുള്ള ആകാംക്ഷയോടെ രാഷ്ട്രീയ കേരളം മലപ്പുറത്തേക്ക് നോക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് 1.90ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്കു ജയിച്ചു കയറിയ മലപ്പുറത്ത് ഇത്തവണ മുസ്ലിംലീഗിന് അഗ്നിപരീക്ഷയൊരുക്കാനാണ് ഇടത് മുന്നണി കോപ്പ് കൂട്ടുന്നത്. ദുര്‍ബല സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ച ലീഗിനെ സഹായിച്ചുവെന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ആരോപണത്തെ മറികടക്കാന്‍ ശക്തനായ സ്ഥാനാര്‍ഥി തിരയുകയാണ് ഇടത് കേന്ദ്രങ്ങള്‍.
ഇടത് സ്ഥനാര്‍ഥിയായി വിവിധ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും അന്തിമ തീരുമാനമോ പാര്‍ട്ടി നിലപാടോ ഇതുവരെ പുറത്തു വന്നിട്ടില്ല. പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തി ലീഗിനെ പ്രതിരോധത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സി.പി.എം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണറിവ്. ഇതിനായി വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.
കുഞ്ഞാലിക്കുട്ടി മല്സരിക്കുമെന്നറിഞ്ഞതോടെ ലീഗ് കേന്ദ്രങ്ങള്‍ ഏറെ ആവേശത്തിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ മികവ് തെളിയിച്ച കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലെത്തുന്നത് മുസ്ലിംലീഗിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ കണക്കു കൂട്ടല്‍.

English summary