മലപ്പുറം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം രാജി വെച്ചു. ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് അംഗം കെ സാജിതയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് രാജിക്കത്ത് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നാണ് കത്തിലുള്ളതെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
അതെ സമയം, പൊതുപ്രവര്‍ത്തകക്ക് നിരക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കുകയും രാജി ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് ലീഗ് വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍, പഞ്ചായത്ത് മുസ്ലിംലീഗിലെ ഗ്രൂപ്പ് വഴക്കാണ് അംഗത്തിന്റെ രാജിക്കു പിന്നിലെന്നും ശ്രുതിയുണ്ട്. രാജിവെച്ച അംഗത്തെയും മറ്റൊരംഗത്തെയും കുറിച്ച് നടത്തിയ അപവാദ പ്രചരണം അതിരുവിട്ടപ്പോഴാണ് രാജി വച്ചതെന്നും ചിലര്‍ക്ക് അധികാരങ്ങള്‍ നഷ്ടപ്പെട്ടതാണ് അപവാദ പ്രചരണത്തിന് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.